സി.പി.ഐ പടുത്തുയർത്തിയത് ജനങ്ങളുടെ ചോരയിൽ; അംഗീകാരം ജനഹൃദയത്തിൽ -ബിനോയ് വിശ്വം
text_fieldsന്യൂഡൽഹി: സി.പി.ഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായതിൽ പ്രതികരിച്ച് പാർട്ടി രാജ്യസഭ നേതാവ് ബിനോയ് വിശ്വം എം.പി. സി.പി.ഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
ജനങ്ങളുടെ ചോരയിലും വിയർപ്പിലും കണ്ണീരിലുമാണ് പാർട്ടി പടുത്തുയർത്തിയത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തും. സാങ്കേതിക കാഴ്ചപ്പാടിൽ ദേശീയ അംഗീകാരം തീർച്ചയായും പ്രധാനമാണെന്നും ബിനോയ് വിശ്വം ട്വീറ്റ് ചെയ്തു.
സി.പി.ഐ കൂടാതെ തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവക്ക് ദേശീയ പാർട്ടി പദവി നഷ്ടമായത്. ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ആം ആദ്മി പാർട്ടിക്ക് പുതുതായി ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയും ചെയ്തു.
ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിച്ചത്. നിലവിൽ ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള പാർട്ടിയാണ് ‘ആപ്’. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷനൽ പീപ്പ്ൾസ് പാർട്ടി (എൻ.പി.പി), ‘ആപ്’ എന്നിവയാണ് ഇനി മുതൽ ദേശീയ പാർട്ടികൾ.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തിൽ എൻ.സി.പിക്ക് നാഗാലാൻഡിലും തൃണമൂൽ കോൺഗ്രസിന് മേഘാലയിലും സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. ലോക് ജനശക്തി പാർട്ടി (റാം വിലാസ് പാസ്വാൻ) നാഗാലാൻഡിലും വോയ്സ് ഓഫ് ദി പീപ്പ്ൾസ് പാർട്ടി മേഘാലയയിലും തിപ്ര മോത പാർട്ടി ത്രിപുരയിലും സംസ്ഥാന പാർട്ടിയെന്ന അംഗീകാരം നേടി.
അതേസമയം, ആർ.എൽ.ഡി (ഉത്തർപ്രദേശ്), ബി.ആർ.എസ് (ആന്ധ്രപ്രദേശ്), പി.ഡി.എ (മണിപ്പൂർ), പി.എം.കെ (പുതുച്ചേരി), ആർ.എസ്.പി (പശ്ചിമ ബംഗാൾ), എം.പി.സി (മിസോറാം) എന്നിവയുടെ സംസ്ഥാന പാർട്ടി പദവി പിൻവലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.