രമ-മണി തർക്കത്തിൽ സി.പി.ഐ ഇടപെടില്ല
text_fieldsതിരുവനന്തപുരം: കെ.കെ. രമയെ മുൻനിർത്തി യു.ഡി.എഫും സി.പി.എമ്മും തമ്മിലുള്ള പോരിൽ ഇടപെടേണ്ടതില്ലെന്ന നിലപാടിൽ സി.പി.ഐ സംസ്ഥാന നേതൃത്വം.
കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളിൽ അനാവശ്യമായി ഇടപെട്ട ചില ദേശീയ നേതാക്കളുടെ പ്രസ്താവനയെ പിന്താങ്ങില്ല. എം.എം. മണിയുടെ ബെല്ലില്ലാത്ത വാക്കുകൾക്ക് മറുപടി പറയുകയുമില്ല. രമക്കെതിരായ എം.എം. മണിയുടെ പ്രസ്താവന ഏറ്റുപിടിച്ച ചില നേതാക്കളുടെ നടപടിയെ എൽ.ഡി.എഫിന്റെ ആഭ്യന്തര തർക്കമാക്കാനുള്ള യു.ഡി.എഫ് നീക്കത്തിന് തലവെക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ.
രമക്കെതിരായ വിധവ പരാമർശത്തെ കഴിഞ്ഞദിവസമാണ് സി.പി.ഐ ദേശീയ നേതാവായ ആനിരാജ അപലപിച്ചത്. 'ആനിരാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കുന്നത്, ഇവിടെയല്ലല്ലോ'യെന്ന് ശനിയാഴ്ച മണി വീണ്ടും പ്രകോപനപരമായി പ്രതികരിച്ചു. മണിക്കെതിരെ രംഗത്തുവന്ന ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ 'വൃന്ദ കാരാട്ടും ഡൽഹിയിലല്ലേ ഉണ്ടാക്കുന്ന'തെന്ന് തിരിച്ചടിച്ചു. ആനിരാജയെ കേരള മഹിള സംഘവും എ.ഐ.വൈ.എഫും പിന്തുണച്ചെങ്കിലും വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. നിയമസഭയിൽ നടന്ന വിഷയം പുറത്ത് വിവാദമാക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
രണ്ടു കക്ഷികൾ തമ്മിലുള്ള പ്രശ്നത്തിൽ അനാവശ്യമായി ഇടപെട്ട് വിവാദം ആളിക്കത്തിച്ചല്ല വ്യക്തിപരമായ പ്രതിച്ഛായയും സംഘടനയും വളർത്തേണ്ടതെന്ന അഭിപ്രായമാണ് നേതൃത്വത്തിന്. ഇതു സാധൂകരിക്കുന്നതാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ 'മാധ്യമ'ത്തോട് നടത്തിയ പ്രതികരണം. 'നിയമസഭയിൽ എന്തു നടന്നാലും അന്തിമ അഭിപ്രായം സ്പീക്കറുടേതാണ്. പ്രസംഗം പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞു. അതിനപ്പുറം ഒന്നുമില്ലെ'ന്നും കാനം പറഞ്ഞു. പുറത്തെ തർക്കത്തെ ഇടതു മുന്നണിയിലെ തർക്കമായി പരിവർത്തനം ചെയ്യുന്നതിനോടും നേതൃത്വത്തിന് താൽപര്യമില്ല.
നേരത്തേയും ആനിരാജയുടെ കേരളത്തിലെ ഇടപെടലിനെതിരെ സി.പി.ഐ സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരായ ആനിരാജയുടെ വിമർശനത്തെ സംസ്ഥാന നേതൃത്വം അന്ന് പരസ്യമായി തള്ളി. സംസ്ഥാന വിഷയങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയും മുമ്പ് നേതൃത്വവുമായി കൂടിയാലോചന നടത്തണമെന്നും അറിയിച്ചിരുന്നു. ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്റെ മുൻനിലപാടുകളിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.