സി.പി.ഐ വനിത നേതാവിനെ മര്‍ദിച്ച സംഭവം: പ്രതിയായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജിവെച്ചു
text_fieldsമാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെച്ചു. സി.പി.ഐ വനിത നേതാവിനെ വീട്ടിൽ കയറി മർദിച്ച കേസിൽ പ്രതിയായ സി.പി.എം ജനപ്രതിനിധി ജോസ് സിംസൺ ആണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
പരാതിക്ക് ഇടയാക്കിയ സംഭവത്തിനുശേഷം ഒളിവിൽ പോയ ജോസ് സിംസണിന് ജില്ല കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഇയാൾ ഹാജരാകുകയും വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിൽ എത്തി സെക്രട്ടറി കെ. രേഖക്ക് രാജിക്കത്ത് നൽകുകയുമായിരുന്നു. ജൂൺ 20ന് വൈകുന്നേരം 7.15നായിരുന്നു കേസിനാസ്പദമായ സംഭവം.
ജോസ് സിംസൺ വാർഡിലെ ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിക്കുകയും തടയാനെത്തിയ കുടുംബാംഗങ്ങളെ മർദിക്കുകയും ചെയ്തു എന്നാണ് പരാതി.മുൻ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ ലോക്കൽകമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനെയും കുടുംബത്തേയുമാണ് ഇയാൾ ആക്രമിച്ചത്. ലീലാമ്മ ജേക്കബിന്റെ ഭർത്താവ് ജേക്കബ്ബിനും മരുമകൾ പ്രിൻസിക്കുമാണ് സഭവത്തിൽ പരിക്കേറ്റത്.
സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ സി.പി.എം വളവനാട് ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് ജോസ് സിംസണിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. സി.പി.എം ഏരിയ നേതൃത്വം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോൺഗ്രസും സി.പി.ഐയും വൈസ് പ്രസിഡന്റിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് പല സമരങ്ങളും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.