പി.എസ്.സി അംഗമാക്കാൻ സി.പി.എം ഏരിയ കമ്മിറ്റി അംഗം 22 ലക്ഷം വാങ്ങി
text_fieldsകോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനംചെയ്ത് യുവനേതാവ് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ കുടുങ്ങി സി.പി.എം. കോഴിക്കേട് ടൗൺ ഏരിയ കമ്മിറ്റി അംഗമായ സി.ഐ.ടി.യു നേതാവിനെതിരെയാണ് പരാതി.
പാർട്ടി സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയുടെ പ്രാഥമികാന്വേഷണത്തിൽ തന്നെ സാമ്പത്തിക ഇടപാടുകളുടെ സൂചന ലഭിച്ചതോടെ വിഷയം ചർച്ചചെയ്ത് നടപടി സ്വീകരിക്കാൻ ജില്ല നേതൃത്വത്തോട് നിർദേശിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ചേരുന്ന കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് വിഷയം ചർച്ചചെയ്ത് നടപടി കൈക്കൊള്ളും.
കോഴിക്കോട്ടെ ഡോക്ടർക്കാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്തത്. 60 ലക്ഷം രൂപ ആവശ്യപ്പെട്ടതിൽ 22 ലക്ഷം രൂപ യുവനേതാവ് തെരഞ്ഞെടുപ്പിനുമുമ്പേ കൈപ്പറ്റിയെന്നാണ് പരാതി. മന്ത്രിയുമായി നേരത്തെതന്നെ ഏറെ അടുപ്പമുള്ള യുവനേതാവ് കഴിഞ്ഞ സമ്മേളനത്തിലാണ് ഏരിയ കമ്മിറ്റി അംഗമായത്.
പി.എസ്.സി അംഗത്വം കിട്ടാനിടയില്ലെന്ന് വന്നപ്പോൾ ആരോഗ്യവകുപ്പിൽ ഉയർന്ന പദവിയും വാഗ്ദാനം ചെയ്തെന്നും ആരോപണമുണ്ട്.
വിഷയം പുറത്തുവന്നതോടെ മന്ത്രി മുഹമ്മദ് റിയാസും വിവരം സംസ്ഥാന കമ്മിറ്റിയെ അറിയിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിഷയത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ആരുടെയെങ്കിലും പ്രേരണയിലാണോ യുവനേതാവ് പണം വാങ്ങിയത് എന്നതടക്കമുള്ള സംശയവും ഉയർന്നിട്ടുണ്ട്.
ഏരിയ കമ്മിറ്റി അംഗം വിചാരിച്ചാൽ പി.എസ്.സി അംഗത്വം പോലുള്ള വലിയൊരു പദവി വാങ്ങി നൽകാനാവില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജില്ലയിലെ എം.എൽ.എമാർ അടക്കമുള്ള മറ്റുപല നേതാക്കളെയും മറയാക്കി പണം വാങ്ങിയതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
വിഷയം പാർട്ടി അന്വേഷിക്കട്ടെയെന്ന നിലപാടിലാണ് ആരോപണ വിധേയനായ യുവനേതാവ്. ജില്ല സെക്രട്ടേറിയറ്റ് ചർച്ചചെയ്ത് അന്വേഷണ കമീഷനെ നിയോഗിക്കുകയോ നേരിൽ വിശദീകരണം തേടി അച്ചടക്കനടപടി സ്വീകരിക്കുകയോ ആണുണ്ടാവുകയെന്നാണ് വിവരം.
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ ആത്മപരിശോധന നടത്തി തെറ്റുതിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ, നേതാവ് കോഴയാരോപണത്തിൽ കുടുങ്ങി മന്ത്രിയടക്കമുള്ള നേതാക്കൾ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.