വീണ്ടും റോഡ് കൈയേറി സി.പി.എം പ്രതിഷേധം, ഇത്തവണ കണ്ണൂരിൽ; ഉദ്ഘാടകൻ ഇ.പി. ജയരാജൻ
text_fieldsകേന്ദ്ര അവഗണനക്കെതിരെ സി.പി.എം കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിലെ റോഡിൽ പന്തലിട്ട് ഗതാഗതം തടസ്സപ്പെടുത്തി നടത്തിയ ഉപരോധ സമരം (ചിത്രം: പി. സന്ദീപ്)
കണ്ണൂർ: വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ, കണ്ണൂരിൽ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം. ‘കേരളമെന്താ ഇന്ത്യയിൽ അല്ലേ’ എന്ന ചോദ്യമുയർത്തി സി.പി.എം കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധത്തിന്റെ ഭാഗമായാണ് റോഡിൽ പന്തൽ ഒരുക്കിയത്.
ഹെഡ് പോസ്റ്റ് ഓഫിസിനോട് ചേർന്ന് വേദിയും തൊട്ടുമുന്നിലെ റോഡിൽ പന്തലിട്ട് കസേരയും നിരത്തിയിട്ടാണ് ഉപരോധ സമരം. റോഡ് കൈയേറി പന്തൽ ഒരുക്കിയതിനാൽ ഈ വഴിക്കുള്ള ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്. അതീവ തിരക്കുള്ള റോഡിൽ പന്തൽ കെട്ടിയിട്ടും അധികൃതർ ആരും തടയാൻ എത്തിയില്ലെന്നതാണ് ആശ്ചര്യകരം.
അർഹമായ വിഹിതം നൽകാതെ കേരളത്തോട് സാമ്പത്തിക ഉപരോധം തീർക്കുകയാണ് കേന്ദ്രമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഉപരോധം. ഇതിനു മുന്നോടിയായി ജില്ലയിൽ കാൽനടജാഥകൾ നടത്തിയിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനാണ് ഉപരോധ സമരത്തിന്റെ ഉദ്ഘാടകൻ. നേരത്തേയും സമാന രീതിയിൽ പന്തൽ കെട്ടിയപ്പോൾ പാർട്ടിക്കതിൽ പങ്കില്ലെന്നും കരാറുകാർ ചെയ്തത് എന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം.
റോഡിൽ പന്തൽകെട്ടി നടത്തിയ സമരത്തെ അധ്യക്ഷതവഹിച്ച് സംസാരിച്ച സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ന്യായീകരിച്ചു. സമരത്തിനെതിരെ പൊലീസിന്റെ നോട്ടീസ് ലഭിച്ചതായും പൊലീസിനെക്കൊണ്ട് അത് ചെയ്യിപ്പിച്ചത് കോടതിയാണെന്ന് തനിക്കറിയാമെന്നും അത് മടക്കി പോക്കറ്റിലിട്ടതായും അദ്ദേഹം പരിഹസിച്ചു. പതിനായിരക്കണക്കിനുപേർ പങ്കെടുക്കുന്ന സമരം നടത്തുമ്പോൾ റോഡിലെ ഗതാഗതം തടസ്സപ്പെടും.
കണ്ണൂരിൽ യാത്ര ചെയ്യാൻ വേറെയും റോഡുകളുണ്ട്. എന്നാൽ, ഹെഡ് പോസ്റ്റ് ഓഫിസ് വേറെയില്ല. സമരം നടക്കുമ്പോൾ മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിടുകയെന്നത് എന്തോ വലിയ പൗരാവകാശ ലംഘനമായി ചിലർ വ്യാഖ്യാനിക്കുകയാണ്. ജുഡീഷ്യറിയുടെയും ആ വ്യാഖ്യാനമാണ് തെറ്റ്. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്. ഇനി ഇതിന്റെ പേരിൽ ജയിലിൽ പോകാൻ തയാറാണ്. പണ്ട് ഇതേ സ്ഥലത്ത് 25 ആളുകളോട് ഞാൻ പറഞ്ഞ കാര്യമാണ് ചാനലുകൾ വലിയ വാർത്തയാക്കി എന്നെ ജയിലിലയച്ചത്. ഈ ചൂടുകാലത്ത് വീണ്ടും ജയിലിൽ പോവാൻ തയാറാണെന്നും എം.വി. ജയരാജൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.