മൂന്നാർ: വി.എസിന് വീഴ്ചപറ്റി –സി.പി.എം ജില്ല സെക്രട്ടറി
text_fields
തൊടുപുഴ: താൻ തുടങ്ങിവെച്ച മൂന്നാർ ദൗത്യം അട്ടിമറിച്ച് യു.ഡി.എഫ് സർക്കാർ അനധികൃത നിർമാണങ്ങൾക്ക് അനുവാദം നൽകിയപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ യഥാസമയം ഇടപെടണമായിരുന്നെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന് വീഴ്ച സംഭവിച്ചെന്നും സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ. പ്രായക്കൂടുതലുള്ള വി.എസ് രണ്ടുവാക്ക് പറഞ്ഞിട്ടുപോകുന്നതിൽ പ്രശ്നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്. രാജേന്ദ്രൻ എം.എൽ.എ കൈയേറ്റ മാഫിയയുടെ ആളാണെന്ന വി.എസിെൻറ പരാമർശത്തെക്കുറിച്ച് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ജയചന്ദ്രൻ.
വി.എസ് മൂന്നാർ സന്ദർശിക്കാൻ ആഗ്രഹിച്ചപ്പോൾ ജില്ല നേതൃത്വം എതിർത്തു എന്ന ആരോപണവും സെക്രട്ടറി നിഷേധിച്ചു. ആകാശവും ഭൂമിയും ഒരുമിച്ചുവന്നാലും ഭയപ്പെടുന്ന ആളല്ല വി.എസ്. അദ്ദേഹം മൂന്നാറിൽ വന്നാൽ താൻ ഒപ്പമുണ്ടാകുമോ എന്നകാര്യം അപ്പോൾ തീരുമാനിക്കും. മൂന്നാറിലെ പാവങ്ങള്‍ താമസിക്കുന്ന ഇക്കാനഗറിനെ കൈയേറ്റക്കാരുടെ കേന്ദ്രമായി ചിത്രീകരിക്കുന്നത് ചില മാധ്യമങ്ങളുടെയും വന്‍കിട കൈയേറ്റക്കാരുടെയും ഗൂഢാലോചനയാണ്. കൈയേറ്റമുണ്ടെങ്കിൽ ഒഴിപ്പിക്കണമെന്നുതന്നെയാണ് സി.പി.എം നിലപാട്. കെ.എസ്.ഇ.ബിയുടെ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാൻ കലക്ടർക്ക് നിർദേശമുണ്ടായിരുന്നു. അങ്ങനെയാണ് രാജേന്ദ്രന് പട്ടയം കിട്ടിയത്. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിക്ക് അനുകൂലമായ ദേവികുളം കോടതിയുടെ വിധിക്കെതിരെയും രേഖകൾ ആവശ്യപ്പെട്ടും രാജേന്ദ്രൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
രാജേന്ദ്രെൻറ ഭൂമി കെ.എസ്.ഇ.ബിയുടേതാണെന്ന് പറയുന്ന ലാൻഡ് റവന്യൂ കമീഷണർ അതിനുള്ള രേഖ കൊണ്ടുവരെട്ട. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് മൂന്നാറിലെ എല്ലാ നിർമാണങ്ങൾക്കും അനുമതി നൽകിയത്. റവന്യൂ വകുപ്പിനെ കബളിപ്പിച്ച് പഞ്ചായത്തിൽനിന്നോ പഞ്ചായത്തിനെ മറികടന്ന് റവന്യൂ വകുപ്പിൽനിന്നോ അനുമതിനേടി അനധികൃത നിർമാണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ദേവികുളം സബ് കലക്ടറെ മാറ്റണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിെൻറ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നായിരുന്നു ആവശ്യം.ജനപക്ഷ നിലപാടുകൾ സ്വീകരിച്ച സർക്കാറിനെ ചിലർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ജയചന്ദ്രൻ കുറ്റപ്പെടുത്തി. എസ്. രാജേന്ദ്രൻ എം.എൽ.എയും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.