ഇൻക്വിലാബ് വിളിക്കാൻ ഇനിയില്ല അടിമ സഖാവ്
text_fieldsപൊന്നാനി: പ്രായം തളർത്താത്ത ആവേശത്തോടെ പൊന്നാനിയിലെ സി.പി.എം പരിപാടികളിൽ നിറസാന്നിദ്ധ്യമായിരുന്നു ബുധനാഴ്ച അന്തരിച്ച കൈതാളത്ത് അടിമ. അധികാരത്തിന്റെ മേൽകുപ്പായമില്ലാതെ സി.പി.എമ്മിൽ പതിറ്റാണ്ടുകളോളം പാർട്ടി പ്രവർത്തകനായി നിന്ന നാട്ടുകാരുടെ അടിമ സഖാവ് കർഷകത്തൊഴിലാളികളുടെ മുൻനിരപ്പോരാളിയുമായിരുന്നു.
മിച്ചഭൂമി സമരത്തിലും, കുടികിടപ്പ് സമരത്തിലും മുൻമന്ത്രി ഇ.കെ. ഇമ്പിച്ചി ബാവക്കൊപ്പം ചേർന്ന് പ്രവർത്തിച്ച അടിമ മിച്ച ഭൂമി സമരത്തിൽ പങ്കെടുത്ത് മൂന്ന് മാസം ജയിൽ വാസവും അനുഭവിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഒളിവിൽ കഴിഞ്ഞ ഓർമ്മകളും ഇദ്ദേഹം ഓർത്തെടുത്ത് പുതുതലമുറക്ക് പകർന്ന് നൽകാറുണ്ട്.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അടിമ സി.പി.എമ്മിന്റെ വെളിയങ്കോട് പ്രദേശത്തെ പഴയകാല നേതാക്കളായ എം.എ. കുട്ടികൃഷ്ണനും, ടി.കെ. അയമുവിനുമൊപ്പം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. ഈഴവ സമുദായത്തിന്റെ അധീനതയിലുണ്ടായിരുന്ന പണിക്കൻ കാവ് ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനമില്ലാതിരുന്ന കാലത്ത് അടിമയുടെ നേതൃത്വത്തിൽ ദളിത് സ്ത്രീകളെ സംഘടിപ്പിച്ച് നടത്തിയ താലം എഴുന്നെള്ളിപ്പ് സമരവും നിർണായക ഏടാണ്.
അവസാനകാലം വരെ സി.പി.എം പരിപാടികളിൽ സജീവമായിരുന്ന അടിമ സഖാവിനെ ഒരു വർഷം മുമ്പ് സി.പി.എം ലോക്കൽ കമ്മറ്റി വിപുലമായ പരിപാടിയിൽ ആദരിച്ചിരുന്നു. സി.പി.എം പാർട്ടിയെ ജീവശ്വാസമായി കൊണ്ടു നടന്ന പ്രവർത്തകനെയാണ് അടിമ സഖാവിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.