കാൽ മാത്രമല്ല, കൈയും വെട്ടാനറിയാം -വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി.പി.എം
text_fieldsകോന്നി: വനം വകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തതിന് പിന്നാലെ ഭീഷണിയുമായി ഏരിയ കമ്മിറ്റി അംഗം. വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്‌സൺ സാജനാണ് ഭീഷണി ഉയർത്തിയത്.
കള്ളക്കേസും അതിക്രമവും കൊണ്ട് ഇവിടെ അഴിഞ്ഞാടാമെന്നാണ് വിചാരിക്കുന്നതെങ്കിൽ, ഞങ്ങൾക്ക് ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധ വിപ്ലവവും നടത്താൻ അറിയാം. കാൽ മാത്രമല്ല, കൈയും വെട്ടി നിങ്ങളുടെ ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അറിയാവുന്നവരാണ് ഞങ്ങൾ -ഏരിയ കമ്മിറ്റി അംഗം പറഞ്ഞു.
ഇന്നലെ, വനം വകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 12 സി.പി.എം പ്രവർത്തകർക്കെതിരെ ചിറ്റാർ പൊലീസ് കേസെടുത്തിരുന്നു. സി.പി.എം നേതാവ് ജേക്കബ് വളയംപള്ളി അടക്കമുള്ള 12 പേർക്കെതിരെയാണ് കേസ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. റോഡരികിൽ മുറിച്ചിട്ട മരങ്ങൾ പരിശോധിക്കുന്നതിനിടെ വനം വകുപ്പ് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചെന്നും ജീവനക്കാരെ കൈയേറ്റം ചെയ്തെന്നും എഫ്.ഐ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.