ഇസ്രായേലിനെ പിന്തുണച്ച് കേന്ദ്രസർക്കാർ രാജ്യത്തെ അപമാനിച്ചു -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: ഗസ്സയിൽ കൂട്ടനരമേധം നടത്തുന്ന ഇസ്രായേലിനെ പിന്തുണച്ചും രാഷ്ട്രനിലപാടുകൾ കാറ്റിൽ പറത്തിയും കേന്ദ്രസർക്കാർ രാജ്യത്തെ ലോകത്തിനുമുന്നിൽ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വംശീയ വികാര വിഭ്രാന്തിൽ നയിക്കപ്പടുന്ന ബി.ജെ.പിയുടെ അതേ ലക്ഷ്യമാണ് ഇസ്രായേലിനും. കേന്ദ്ര സർക്കാറിന്റേത് സയണിസ്റ്റ് പക്ഷപാതിത്വമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കോഴിക്കോട്ട് ‘യാസർ അറഫാത്ത് നഗറിൽ’ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആർ.എസ്.എസ് അംഗീകരിച്ച തത്ത്വസംഹിതയായ ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യുകയെന്നത് ഹിറ്റ്ലറുടെ നാസിസത്തിൽ നിന്നും അതിന്റെ സംഘടനാരൂപം ജർമനിയിൽ മുസോളിനി നടപ്പാക്കിയ ഫാഷിസത്തിൽനിന്നും കൈക്കൊണ്ടതാണ്. ആർ.എസ്.എസിന് അംഗീകരിക്കാൻ കഴിയുന്നവരാണ് ഇസ്രായേലിലെ സയണിസ്റ്റുകൾ. അവർക്കനുകൂലമായ നിലപാടാണ് ബി.ജെ.പിയുടേത്. ബി.ജെ.പിയുടെ നിലപാടിനെ രാജ്യത്തിന്റെ നിലപാടാക്കിയാണ് ഐക്യരാഷ്ട്ര സഭയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
നീതിയും അനീതിയും ഏറ്റുമുട്ടുമ്പോൾ നിഷ്പക്ഷതക്ക് സ്ഥാനമില്ല. സ്വന്തം രാജ്യത്തിനായി സാമ്രാജ്യത്വത്തോട് പോരാടുന്നവരെ ഭീകരവാദികളായാണ് സമ്രാജ്യത്വ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. അതേസമയം, ആശുപത്രികൾക്കും അഭയാർഥി ക്യാമ്പുകൾക്കും മുകളിൽ ബോംബുവർഷം നടത്തുന്ന ഇസ്രായേലിനെ ഭീകരവാദികളായി ഇവർ കാണുന്നില്ല.
ഇന്ത്യ സ്വതന്ത്രമാകും മുമ്പേ തുടങ്ങിയതാണ് ഫലസ്തീൻ അനുകൂല നിലപാട്. ചേരിചേരാനയത്തിൽ സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, നരസിംഹറാവു ഇതിൽ വെള്ളം ചേർത്തു.
അതിന്റ കഠിന രൂപമാണിപ്പോൾ കാണുന്നത്. സംഘ്പരിവാർ നയിക്കുന്ന സർക്കാറിന്റെ ഇസ്രായേൽ സ്നേഹം സർക്കാറിന്റേതുമാത്രമാണ്. അത് ഇന്ത്യൻ ജനതയുടേതല്ല. ഇസ്രായേലുമായുള്ള എല്ലാ സൈനിക കരാറും ഇന്ത്യ റദ്ദാക്കി ഇസ്രായേൽ ദാസ്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹിയിൽ ഉൾപ്പെടെ ഫലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയത് ഇടതുപക്ഷമാണ്. രാജ്യത്ത് വലിയ സ്വാധീനമുണ്ടെന്ന് പറയുന്നവർ ഇപ്പോൾ എവിടെയാണ്? അവരുടെ ശബ്ദം വ്യത്യസ്തമാണ്. ഇത് അവ്യക്തതയുടെയും ആശയക്കുഴപ്പത്തിന്റെയും ഭാഗമായുള്ളതല്ല. നിലപാടില്ലായ്മയുടേതാണെന്നും കോൺഗ്രസിന്റെ പേരു പരാമർശിക്കാതെ പിണറായി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ പി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ തയാറാക്കിയ ‘ഫലസ്തീൻ: രാജ്യം അപഹരിക്കപ്പെട്ട ജനത’ പുസ്തകം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന് നൽകി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.