പൊലീസ് നടപടി ന്യായീകരിച്ച് സി.പി.എം
text_fields
തിരുവനന്തപുരം: ജിഷ്ണുവിെൻറ മാതാവ് മഹിജയെയും കുടുംബത്തെയും പൊലീസ് കൈകാര്യം ചെയ്തതിനെ ന്യായീകരിച്ച് സി.പി.എം. ഇടത് സർക്കാർ നയത്തിന് അനുസൃതമായും തികഞ്ഞ അനുഭാവത്തോടെയുമാണ് പൊലീസ് പെരുമാറിയെതന്നാണ് ലഭ്യമായ ദൃശ്യങ്ങളിൽ മനസ്സിലാകുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. പൊലീസ് നയം മനസ്സിലാകാത്തവർ ചെയ്ത നടപടിയാണെന്ന പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ നിലപാടുംതള്ളിയാണ് പാർട്ടി ന്യായീകരണം.
അമ്മയെന്ന വികാരത്തെ ദുരുപയോഗപ്പെടുത്തി സർക്കാറിനെതിരെ നടന്ന ഗൂഢരാഷ്ട്രീയ പരിശ്രമങ്ങളുടെ വേരറുക്കാൻ കേരള ജനത മുന്നോട്ടുവരണമെന്ന് അഭ്യർഥിച്ച സി.പി.എം, സർക്കാറിനെതിരെ രാഷ്ട്രീയയുദ്ധം വെട്ടാനുള്ള ബി.ജെ.പി, കോൺഗ്രസ് മുന്നണിയുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
ആദ്യ സർക്കാറിെൻറ 60ാം വാർഷിക ആഘോഷ ദിനത്തിൽ തന്നെ ഡി.ജി.പി ഒാഫിസിനു മുന്നിൽ സമരവും സംഘർഷവും സൃഷ്ടിച്ചത് യാദൃച്ഛികമല്ല. കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും പ്രധാനനേതാക്കൾ സമരത്തിന് ചുക്കാൻ പിടിച്ച് പരിസരങ്ങളിലുണ്ടായിരുന്നു. ജിഷ്ണുവിെൻറ അമ്മയെ നീക്കാൻ ശ്രമിച്ചപ്പോൾ റോഡിൽ കിടക്കുകയും വനിതപൊലീസ് കൈകൊടുത്ത് പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ചവിട്ടുകയോ, മർദിക്കുകയോ ചെയ്യുന്നതായോ, അതിക്രമങ്ങൾ കാട്ടിയതായോ ഒരു മാധ്യമദൃശ്യത്തിലും കാണുന്നില്ല. ഇതിനെപ്പറ്റി അമ്മ പരാതി ഉന്നയിച്ചതിനാൽ നിഷ്പക്ഷമായി അന്വേഷിച്ച് നടപടിയെടുക്കും.
മകെൻറ മരണത്തിൽ മനംനൊന്ത് കഴിയുന്ന അമ്മയുടെ പേരിൽ സർക്കാർ വിരുദ്ധ വികാരംപടർത്താൻ ബോധപൂർവ രാഷ്ട്രീയ യജ്ഞമാണ് നടക്കുന്നത്. കോൺഗ്രസ് മുന്നണിയും ബി.ജെ.പിയും ചേർന്ന് ഹർത്താൽ നടത്തിയത് ഇതിെൻറ ഭാഗമാണ്. ജിഷ്ണുവിെൻറ കുടുംബാംഗങ്ങളല്ലാത്ത ഒരു കൂട്ടവും സമരക്കാർക്കൊപ്പം അണിനിരന്നു. ജിഷ്ണുവിെൻറ കുടുംബം ഡി.ജി.പിയെ കാണാൻ അനുമതി ചോദിക്കുകയും നൽകുകയും ചെയ്തു. അനുമതി നൽകിയ ആറുപേരെ അകത്തേക്ക് പോകാൻ അനുവദിച്ചെങ്കിലും അവർ അതിന് സന്നദ്ധമാകാതെ കൂടുതൽ പേരെ കടത്തിവിട്ടാൽ മാത്രമേ തങ്ങൾ പോകുകയുള്ളൂ എന്ന നിലപാട് സ്വീകരിച്ചെന്നും കൂടെയുണ്ടായിരുന്ന ചിലർ പ്രകോപനം സൃഷ്ടിച്ച് െപാലീസിനെതിരെ തിരിഞ്ഞെന്നും പാർട്ടി വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
ജിഷ്ണുസംഭവം ഇടത് സർക്കാറിെൻറ സൃഷ്ടിയല്ല. സ്വാശ്രയ മാനേജ്മെൻറുകൾക്ക് പരവതാനി വിരിച്ച എ.കെ. ആൻറണി ജിഷ്ണു സംഭവത്തിൽ മുതലക്കണ്ണീർ ഒഴുക്കുന്നത് കൗതുകകരമാണ്. യു.ഡി.എഫ് ഭരണമായിരുന്നെങ്കിൽ കൃഷ്ണദാസ് ഉൾപ്പെടെ പ്രതികൾക്കെതിരെ കേസ് എടുക്കുമായിരുന്നില്ല. കൃഷ്ണദാസും പ്രതികളിൽ ഭൂരിഭാഗവും കോൺഗ്രസ് കുടുംബത്തിൽപെട്ടവരാണ്. മുഖ്യപ്രതികളെല്ലാം കോൺഗ്രസ് നേതാക്കളുടെ അടുത്ത ബന്ധുക്കളോ ചങ്ങാത്തത്തിലുള്ളവരോ ആണ്. ജിഷ്ണുവിെൻറ അമ്മക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കോൺഗ്രസ്--ബി.ജെ.പി നേതാക്കളുടെ സംരക്ഷണത്തിലാണ് പ്രതികൾ ഒളിവിൽ കഴിയുന്നത്. പ്രതികളെ പിടിച്ചില്ലെന്ന് പറഞ്ഞ് വികാരമിളക്കിവിടുകയും മറുവശത്ത് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി. ജിഷ്ണുവിെൻറ കുടുംബത്തിന് നീതികിട്ടാൻ സാധ്യമാകുന്ന എല്ലാ നടപടികളും സി.പി.എം സ്വീകരിക്കുമെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.