പി.പി. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റി അംഗമായി തരംതാഴ്ത്തും, പദവികളിൽനിന്ന് നീക്കും; ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ
text_fieldsകണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ ഒടുവിൽ സംഘടനാ നടപടി. ദിവ്യയെ പാർട്ടി പദവികളിൽ നിന്ന് നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചു. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിടാനും യോഗം തീരുമാനിച്ചു. ജില്ല കമ്മിറ്റി തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നൽകുന്നതോടെ, പി.പി. ദിവ്യ ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയംഗമായി മാറും.
എ.ഡി.എമ്മിന്‍റെ മരണത്തിൽ ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നും യോഗം വിലയിരുത്തി. എ.ഡി.എമ്മിന് റവന്യൂ സ്റ്റാഫ് കൗൺസിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ ദിവ്യ എത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും ന്യായീകരിക്കാൻ കഴിയില്ല. ക്ഷണിച്ചിട്ടില്ലെന്ന് യോഗാധ്യക്ഷൻ കൂടിയായ ജില്ല കലക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. യോഗത്തിന് ക്ഷണിച്ചുവെന്ന് ദിവ്യ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും യോഗം വിലയിരുത്തി. ജില്ല സെക്രട്ടേറിയറ്റ് യോഗ തീരുമാനം അറിയിക്കാൻ അടിയന്തര ജില്ല കമ്മിറ്റി യോഗം വിളിക്കുകയായിരുന്നു. അടിയന്തര ജില്ല കമ്മിറ്റി ഉടൻ ചേരാൻ സംസ്ഥാന നേതൃത്വമാണ് നിർദേശിച്ചത്.
വെള്ളിയാഴ്ച തലശ്ശേരി സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് തരംതാഴ്ത്താനുള്ള തീരുമാനം. അതേസമയം, പാർട്ടി നടപടിയെ കുറിച്ച ചോദ്യത്തിന് ജില്ല സെക്രട്ടറി പ്രതികരിച്ചില്ല.
അതേസമയം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടു. അന്വേഷണത്തിന് നേതൃത്വം നൽകിയ എ. ഗീത ഐ.എ.എസിന്‍റെ മൊഴിയെടുക്കും. എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് ദിവസം പ്രശാന്തൻ വിജിലൻസ് ഓഫീസിലെത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പി.പി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസിൽ അന്വേഷണം അവസാനഘട്ടത്തിലെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടില്ല. കലക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ പൊലീസ് തേടുന്നത്.
കലക്ടർ ഉൾപ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത ലാൻഡ് റവന്യൂ ജോയിന്‍റ് കമീഷണർ എ. ഗീത, എ.ഡി.എമ്മിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. എ.ഡി.എം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. ഫോൺ വിളി രേഖകളുൾപ്പെടെ തെളിവ് നിരത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നതെന്നതും ശ്രദ്ധേയം.
ഒക്ടോബർ 14ന് യാത്രയയപ്പ് യോഗത്തിന് മുമ്പ് തന്നെ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന വാദം പ്രതിഭാഗം ഉയർത്തിയിരുന്നു. വിജിലൻസ് ഓഫീസിലേക്ക് പ്രശാന്തൻ പോയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും വാദിച്ചു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉച്ചക്ക് 1.40ന് വിജിലൻസ് ഓഫീസ് ഭാഗത്തുനിന്ന് പ്രശാന്തൻ പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ദിവ്യയുടെ ജാമ്യഹരജിയിൽ വെള്ളിയാഴ്ച തലശ്ശേരി ജില്ലാ കോടതി ഉത്തരവ് പറയും. കഴിഞ്ഞ പത്ത് ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.