പരാതി ആരും പൂഴ്ത്തിയില്ല -വൃന്ദ കാരാട്ട്
text_fieldsന്യൂഡൽഹി: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതി മറച്ചുവെക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പാർട്ടി വെച്ചുപൊറുപ്പിക്കില്ല.
അതിക്രമത്തിന് ഇരയായ വനിതക്ക് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് പിന്തുണ നൽകാൻ പാർട്ടി പ്രതിബദ്ധമാണ്. വളെര മുമ്പുതന്നെ കിട്ടിയ പരാതിയിൽ പാർട്ടിതല നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. തെളിവുകൾ സമാഹരിക്കുകയും നിഗമനത്തിൽ എത്തിച്ചേരുകയും വേണം. കേന്ദ്രനേതൃത്വത്തിന് പരാതി കിട്ടുന്നതിനു മുമ്പുതന്നെ സംസ്ഥാന നേതൃത്വം നടപടി തുടങ്ങിയിരുന്നെന്നും വൃന്ദ കൂട്ടിച്ചേർത്തു.
ശശിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗം വൃന്ദ കാരാട്ട് എന്നിവർ അടക്കമുള്ളവർക്ക് ഡി.വൈ.എഫ്.െഎ വനിത നേതാവ് പരാതി നൽകിയിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തായതും പാർട്ടി ഉണർന്നതും.
കിട്ടിയ പരാതി മറച്ചുവെച്ചുവെന്ന ആരോപണം സംസ്ഥാന കമ്മിറ്റിക്കൊപ്പം വൃന്ദ കാരാട്ടും നേരിടുന്നുണ്ട്. ജനറൽ സെക്രട്ടറിയെ പരാതി വിവരം അറിയിക്കാതിരുന്നത് പി.ബിയിലെ ഭിന്നതയായി വളരുകയും ചെയ്തു. ഇൗ പശ്ചാത്തലത്തിലാണ് വൃന്ദയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.