കണ്ണൂർ കലക്ടർക്കെതിരെ സി.പി.എം; ഉത്തരവ് ന്യായീകരിച്ച് കലക്ടർ
text_fieldsകണ്ണൂര്: നഴ്സിങ് വിദ്യാർഥികളെ സ്വകാര്യ ആശുപത്രികളിൽ നിർബന്ധിത ജോലിക്ക് നിയോഗിക്കാനുള്ള ഉത്തരവ് സംബന്ധിച്ച വിവാദം മുറുകി. കണ്ണൂർ ജില്ല കലക്ടറുടെ ഉത്തരവിനെതിരെ സി.പി.എം രംഗത്തുവന്നു. കലക്ടറുടെ നടപടിയോട് യോജിക്കുന്നില്ലെന്നും നടപടി പല പ്രത്യാഘാതങ്ങള്ക്കും ഇടയാക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ പറഞ്ഞു.
അതേസമയം, വിവാദ ഉത്തരവ് ജില്ല കലക്ടർ മിർ മുഹമ്മദലി ആവർത്തിച്ച് ന്യായീകരിച്ചു. ബന്ധപ്പെട്ടവരുമായി ആലോചിച്ചാണ് ഉത്തരവിറക്കിയതെന്നും ആശങ്കയുള്ളവർ സമീപിച്ചാൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും കലക്ടർ പറഞ്ഞു. കലക്ടറുടെ ഉത്തരവ് തള്ളിപ്പറഞ്ഞ് ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.െഎ നേരത്തേ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ പാർട്ടികളും നഴ്സിങ് കൗൺസിലും നഴ്സിങ് മേഖലയിലെ സംഘടനകളും കലക്ടർക്കെതിരാണ്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മാത്രമാണ് കലക്ടറുടെ നടപടി ശരിവെച്ച് സംസാരിച്ചത്.
സി.പി.എം കലക്ടറെ തള്ളിപ്പറഞ്ഞതോടെ മന്ത്രിയുടെ പിന്തുണ അപ്രസക്തമായി. ഇതോടെ നഴ്സുമാരുടെ സമരം നഴ്സിങ് വിദ്യാർഥികളെ ഉപയോഗിച്ച് നേരിടാനുള്ള നീക്കത്തിൽ കലക്ടർ ഒറ്റപ്പെട്ടു. വിവാദ ഉത്തരവ് കലക്ടർ സ്വന്തം നിലക്ക് പുറപ്പെടുവിച്ചതല്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിവരം.
നഴ്സുമാരോട് െഎക്യദാർഢ്യമുണ്ടെങ്കിലും പനിക്കാലത്തെ പണിമുടക്ക് സമരത്തോട് യോജിക്കുന്നില്ലെന്നാണ് സി.പി.എം നിലപാട്. അതുകൊണ്ടാണ് എസ്മ പ്രയോഗിക്കാമെന്ന ഹൈകോടതി നിർദേശം നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കാത്തത്. എന്നാൽ, നഴ്സിങ് വിദ്യാർഥികളെ നിർബന്ധിത ജോലിക്ക് നിയോഗിക്കാനുള്ള കലക്ടറുടെ ഉത്തരവ് വന്നതോടെ, സ്വകാര്യ ആശുപത്രി ഉടമകൾക്കുവേണ്ടി സമരം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന ധാരണ പരന്നത് പിണറായി സർക്കാറിന് ക്ഷീണമായി.
കലക്ടറുടെ അതിരുവിട്ട ഇടപെടൽ സി.പി.െഎയും പ്രതിപക്ഷ പാർട്ടികളും ഏറ്റെടുത്ത് സർക്കാറിനെതിരെ രംഗത്തുവരുകകൂടി ചെയ്ത സാഹചര്യത്തിലാണ് കലക്ടറെ തള്ളിപ്പറയാൻ സി.പി.എം ജില്ല സെക്രട്ടറി നിർബന്ധിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.