മോദി വരുമ്പോൾ ഗ്യാസിന് 410, ഇപ്പോൾ 1100; കേരളത്തിലെ രണ്ട് രൂപ സെസിനെതിരെ തെരുവിലിറങ്ങിയ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം -സി.പി.എം
text_fieldsതിരുവനന്തപുരം: പാചക വാതക സിലിണ്ടറുകൾക്ക് വീണ്ടും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരായി ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ 410 രൂപയായിരുന്ന സിലിണ്ടറിനാണ് ഇപ്പോൾ 1100 രൂപയിൽ എത്തിയിരിക്കുന്നത്. കേന്ദ്ര അവഗണനയെ തുടർന്ന് ഏറെ ദുഷ്‌കരമായ സാഹചര്യത്തിൽ കേരളം രണ്ട് രൂപ സെസ് ഏർപ്പെടുത്തിയപ്പോൾ തെരുവിലിറങ്ങിയ യു.ഡി.എഫ് നേതാക്കളുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണം -സി.പി.എം ആവശ്യപ്പെട്ടു.
അടുപ്പ് പുകയാത്ത നിലയിലേക്ക് രാജ്യത്തെ എത്തിക്കുന്ന ഈ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. 8 വർഷത്തിനിടെ മോദി സർക്കാർ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 12 തവണയാണ് വർധിപ്പിച്ചത്. ഈ വിലക്കയറ്റം കുടുംബ ബഡ്‌ജറ്റിനെ തന്നെ ബാധിക്കും. വാണിജ്യ സിലിണ്ടറിന്റെ വില വർധന ചെറുകിട വ്യാപാരികളെയാണ് നേരിട്ട് ഏറ്റവും ദോഷകരമായി ബാധിക്കുക. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ ഹോട്ടലുകൾ എന്നിവയെ ഇത് കാര്യമായി ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്കാണ് ഇത് നയിക്കുക. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിത ചിലവ് വൻതോതിൽ ഉയരുന്നതിനും ഇത് ഇടയാക്കും.
പെട്രോളിന് വില വർധിപ്പിച്ച് നേടിയ തുക കോർപ്പറേറ്റുകൾക്ക് നികുതി ഇളവിനും കടം എഴുതി തള്ളുന്നതിനും ഉപയോഗിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ഇതിന്റെ തുടർച്ചയായി പണം ഇല്ലെന്ന് പറഞ്ഞ് എല്ലാ സബ്സിഡികളും ഇല്ലാതാക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉൾപ്പടെ തകർക്കുകയും ചെയ്യുന്ന നടപടിയിലൂടെ ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനുപുറമെയാണ് കൂനിൻമേൽ കുരു എന്നപോലെ പാചക വാതകത്തിന്റെയും വില വർധിപ്പിച്ചത്.
പാചക വാതക വില ക്രമാതീതമായി വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വരുന്ന ദിവസങ്ങളിൽ ലോക്കൽ അടിസ്ഥാനത്തിൽ വമ്പിച്ച ജനകീയ പ്രതിഷേധം ഉയർത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആഹ്വാനം ചെയ്‌തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.