പി.വി അൻവറിനെതിരെ സി.പി.എം; പാർട്ടിയെ ദുർബലപ്പെടുത്തുന്നു, പരസ്യ പ്രതികരണം അവസാനിപ്പിക്കണം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ തിരിഞ്ഞ ഇടത് എം.എൽ.എ പി.വി അൻവറിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പരസ്യ പ്രതികരണങ്ങളിൽ നിന്ന് അൻവർ പിന്മാറണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശം നൽകി.
പാർട്ടിയെയും മുന്നണിയെയും അൻവർ ദുർബലപ്പെടുത്തുന്നു. അൻവറിന്‍റെ നിലപാടിനോട് പാർട്ടിക്ക് ഒരുതരത്തിലും യോജിപ്പില്ല. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാർ അന്വേഷിക്കുന്നു. പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർട്ടിയുടെ പരിഗണനയിലാണ്.
സർക്കാറിനും പാർട്ടിക്കുമെതിരെ തുടർച്ചയായി ആരോപണങ്ങൾ പ്രചരിപ്പിക്കുന്നു. അൻവറിന്‍റെ നിലപാടുകൾ പാർട്ടിയുടെ ശത്രുക്കൾ ആയുധമാക്കുന്നു. പാർട്ടിയെ ദുർബലപ്പെടുത്തുന്ന സമീപനത്തിൽ നിന്ന് പിന്തിരിയണമെന്നും വാർത്താകുറിപ്പിലൂടെ സംസ്ഥാന സെക്രട്ടിയേറ്റ് ആവശ്യപ്പെട്ടു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്‌താവന
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്.
വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്‍റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു വരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്‍റിനെയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.