സി.പി.എമ്മും ബി.ജെ.പിയും സ്മാര്‍ട്ട് സിറ്റിയുടെ അന്തകരായെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വികസന വിരുദ്ധ സമീപനംമൂലം കേരളത്തില്‍ വൻ ഐ.ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ. സുധാകരന്‍ എം.പി. രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയാണിത്. ഐടിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നത് ഇടതുപക്ഷത്തിന്റെ പ്രതിലോമ നയങ്ങള്‍മൂലമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2005ല്‍ എറണാകുളത്ത് കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ച് ആരംഭിക്കാന്‍ ഉദ്ദേശിച്ച ഐ.ടി അധിഷ്ഠിത വ്യവസായ പാര്‍ക്കാണിത്. ദുൈബ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്‍ക്കാരുമായി ചേര്‍ന്നുള്ള സംയുക്തസംരംഭമായാണിത് വിഭാവനം ചെയ്തത്. അന്നുതന്നെ സി.പി.എം ഇതിനെതിരേ രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടെന്നും സി.പി.എം ആരോപിച്ചു. പദ്ധതിക്കെതിരെ അവര്‍ പ്രക്ഷോഭം നടത്തി. കൊച്ചി ഷിപ് യാര്‍ഡും വിമാനത്താവളവുമുള്ളിടത്ത് ദുബൈ കമ്പനി വന്നാല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ടീകോം കമ്പനിയുടെ മേധാവികള്‍ കൊച്ചിയില്‍ വന്നപ്പോള്‍ ബി.ജെ.പി വന്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുന്നതിലായിരുന്നു പ്രധാന എതിര്‍പ്പ്. ഇന്‍ഫോപാര്‍ക്കിലെ മുഴുവന്‍ സ്ഥലവും ബുക്ക് ചെയ്തു കഴിയുകയും പാര്‍ക്ക് നഷ്ടത്തിലോടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അതു വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ദുബായ് കമ്പനിക്ക് ഉടനടി ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാമായിരുന്നു. പിന്നീട് വി.എസ്. അച്യുതാനന്ദൻ സര്‍ക്കാര്‍ ഇന്‍ഫോപാര്‍ക്ക് ഒഴിവാക്കിയാണ് ടീകോമുമായി കരാര്‍ വച്ചത്. 2007 നവംബര്‍ 16നു തറക്കല്ലിട്ടെങ്കിലും പദ്ധതി കാര്യമായി മുന്നോട്ടുപോയില്ല.
ആദ്യ ഐടി കെട്ടിടം പൂര്‍ത്തിയാക്കി ചില കമ്പനികള്‍ക്ക് ഇടം നല്കിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കാര്യമായ നിക്ഷേപം ആകര്‍ഷിക്കാനാകാത്ത കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിന് പകരം അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അഴിമതി മണക്കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി കൊച്ചി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 16 ശതമാനം ഓഹരിയുണ്ടായിട്ട് പോലും സര്‍ക്കാര്‍ വര്‍ഷങ്ങളായി പദ്ധയില്‍ ഒരു ഇടപെടല്‍ നടത്തിയിട്ടില്ല. ദുരൂഹമായ സാഹചര്യത്തിലാണ് ഈ കരാര്‍ റദ്ദാക്കിയതെന്നും കെ.സുധാകരന്‍ ആരോപിച്ചു.
2011ല്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്ക് ഗതിവേഗം കൈവരിക്കാന്‍ ശ്രമിച്ചെങ്കിലും വിവാദങ്ങളില്‍ കുടുങ്ങി പദ്ധതി വൈകിയതുകൊണ്ട് ദുബായ് സര്‍ക്കാരിന്റെ മുന്‍ഗണന മറ്റു പദ്ധതികളിലേക്ക് മാറി. കമ്പനിയുടെ നേതൃത്വത്തിലുണ്ടായ മാറ്റവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഒരു പദ്ധതി യഥാസമയം നടപ്പാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന കനത്ത നഷ്ടത്തിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. കേരളത്തിലെ ലക്ഷോപലക്ഷം തൊഴില്‍രഹിതരോടും തൊഴില്‍തേടി വിദേശത്തേക്ക് പലായനം ചെയ്ത യുവജനങ്ങളോടും സിപിഎമ്മും ബിജെപിയും മാപ്പു പറയണം. ദശാബ്ദങ്ങളായി അടയിരുന്ന ഒരു പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് എന്തുസന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും കെ.സുധാകരന്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.