ഗവർണർക്കെതിരായ നീക്കത്തിന് സി.പി.എം പച്ചക്കൊടി
text_fieldsതിരുവനന്തപുരം: ഗവർണർക്കെതിരെ നിയമപരമായി മുന്നോട്ടു പോകാൻ സർക്കാറിന് സി.പി.എം സംസ്ഥാന സമിതിയുടെ പച്ചക്കൊടി. കഴിഞ്ഞദിവസം ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗം കൈക്കൊണ്ട തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യദിനത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം അംഗീകരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ ഗവർണർക്കെതിരെ കൈക്കൊള്ളും. സർക്കാറുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തോടും സംസ്ഥാന സമിതി യോജിച്ചു. നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സർക്കാറിന് കൈക്കൊള്ളാം.
സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളും നടപടികളും ഗവർണറിൽ നിന്നുണ്ടാകുന്നതിലെ അതൃപ്തിയും യോഗത്തിലുണ്ടായി. സ്വന്തം നിലക്ക് സർക്കാറിനെയും മന്ത്രിമാരെയും വെല്ലുവിളിച്ചുള്ള ഗവർണറുടെ നടപടി അംഗീകരിക്കേണ്ടതില്ല. ഗവർണർക്കെതിരെ ശക്തമായ രാഷ്ട്രീയസമരം തുടങ്ങണം. ഈമാസം 15ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. മാർച്ചിൽ ഡി.എം.കെയെക്കൂടി ക്ഷണിക്കും.
സംസ്ഥാന സമ്മേളനത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ സാംസ്കാരിക നയരേഖയും സംസ്ഥാന സമിതി ചർച്ച ചെയ്ത് അംഗീകരിച്ചു. സാംസ്കാരിക മേഖലയിൽ പാർട്ടിയുടെ ഇടപെടൽ ശക്തമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് രേഖ.
സി.പി.എമ്മിലെ മുതിർന്ന നേതാക്കൾക്കെതിരെ സ്വർണക്കടത്ത് പ്രതി ഉന്നയിച്ച ആരോപണങ്ങൾ ഇന്നുകൂടി തുടരുന്ന യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. എന്നാൽ, ആദ്യദിനം ഇതുസംബന്ധിച്ച് ചർച്ചയുണ്ടായില്ല. മാറിയ കാലത്തിനനുസരിച്ച് തൊഴിലാളി സംഘടനകളുടെ പ്രവർത്തനരീതി മാറ്റാൻ രേഖ പുതുക്കുന്ന കാര്യവും സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.