കേരളത്തിൽ മധ്യവർഗ മുസ്ലിംകൾ പാർട്ടിയോട് അടുത്തുവെന്ന് സി.പി.എം വിലയിരുത്തൽ
text_fieldsന്യൂഡൽഹി: കേരളത്തിൽ മുസ്ലിം മേഖലകളിെല മധ്യവർഗ വിഭാഗം പാർട്ടിയോട് കൂടുതൽ അടുത്തിട്ടുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിയമസഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.
ഇവരിൽ മികച്ചവരെ തെരഞ്ഞെടുത്ത് അവിടങ്ങളിൽ പാർട്ടി ശക്തിപ്പെടുത്തണം. ക്രൈസ്തവർക്കിടയിൽനിന്ന് കൂടുതൽ പേരെ പാർട്ടിയുടെ ഭാഗമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റ സീറ്റു പോലും നേടിയിട്ടില്ലെങ്കിലും അവർ ദുർബലപ്പെട്ടതായി കണക്കാക്കാനാവില്ല.
അവരോട് അടുത്ത പാവപ്പെട്ടവർ അകന്നിട്ടുണ്ട്. കേന്ദ്ര സ്വാധീനവും വലിയ തോതിലുള്ള പണവും തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉപയോഗിച്ചു. പാർട്ടിക്ക് സ്വാധീനമുള്ളവരിലേക്ക് ബി.ജെ.പിയുടെ കടന്നു കയറ്റം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം. ബി.ജെ.പി രണ്ടാമത് എത്തിയ മണ്ഡലങ്ങളിലും കൂടുൽ ശ്രദ്ധ പുലർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചരിത്ര വിജയമാണ് 2021ലേത്. എന്നാൽ, 2006 ലെ വിജയവുമായി തട്ടിച്ചുനോക്കുേമ്പാൾ വോട്ട് വിഹിതത്തിൽ കുറവുണ്ടായി. ഇക്കാര്യം ഗൗരവമായി പരിശോധിക്കണം. പ്രവർത്തകരിൽ പാർലമെൻററി വ്യാമോഹം വർധിച്ചു.
കുറ്റ്യാടി, പൊന്നാനി എന്നിവിടങ്ങളിൽ പാർട്ടി അംഗങ്ങൾ പരസ്യപ്രകടനം നടത്തിയത് ഇതിന് തെളിവാണ്. ആവശ്യമായ തെറ്റുതിരുത്തൽ നടപടി സ്വീകരിക്കണമെന്നും അവലോകന റിപ്പോർട്ട് നിർദേശിച്ചു.
പശ്ചിമ ബംഗാളിൽ സ്വത്വരാഷ്ട്രീയത്തിെൻറ സ്വാധീനം പാർട്ടി അവഗണിച്ചത് തിരിച്ചടിച്ചു. സുരക്ഷ, തുല്യത, സ്വത്വം എന്നീ മൂന്നു വിഷയങ്ങളാണ് ന്യൂനപക്ഷങ്ങളുടെ അവസ്ഥക്കു കാരണമായി സച്ചാർ സമിതി എടുത്തു പറയുന്നത്. ഇതിൽ സുരക്ഷ എന്ന വിഷയത്തെ മാത്രമാണ് പാർട്ടി ശ്രദ്ധിച്ചത്.
അതിൽ ഊന്നിയതു കൊണ്ടു മാത്രം ന്യൂനപക്ഷങ്ങളുടെ അഭിലാഷങ്ങൾ നടപ്പാവില്ലെന്ന് പാർട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ജീവനോപാധി, തൊഴിൽ തുടങ്ങിയ വിഷയങ്ങൾ ഗൗനിച്ചില്ല. ഇത് തിരുത്തുകയും സന്തുലിത സമീപനം രൂപപ്പെടുത്തുകയും വേണം. സ്വത്വവും തുല്യതയും പ്രധാനമാണ്. സ്വത്വ രാഷ്ടീയത്തിെൻറ കെണിയിൽ പെടാതെ ഇക്കാര്യങ്ങൾ പാർട്ടിയുടെ പോരാട്ടത്തിെൻറ ഭാഗമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.