കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം, കൊടിമരം പിഴുതെടുത്തു
text_fieldsകൊയിലാണ്ടി: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസായ സി.കെ.ജി സെന്ററിനു നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് റെയില്‍വേ സ്റ്റേഷന് റോഡിലെ ഓഫിസ് ആക്രമിച്ചത്. ഓഫിസിനു മുന്നിലെ കൊടിമരം പിഴുതെടുത്തു കൊണ്ടുപോയി.
ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. വിവരം ലഭിച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് നേതാക്കളും പൊലീസും സ്ഥലത്തെത്തി. ആക്രമത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.വി. സുധാകരന് പ്രതിഷേധിച്ചു.
ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള മഠത്തിൽ മുക്കിൽ കോൺഗ്രസ് ഓഫിസിനു നേരെയും ആക്രമണം നടന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് മഠത്തിൽ മുക്കിൽ നടത്തിയ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രതിഷേധ പ്രകടനത്തിനിടയിൽ ഒരു പറ്റം പ്രവർത്തകർ ഓഫിസിലേക്ക് അതിക്രമിച്ച് കയറി ഓഫിസിന്റെ ബോർഡും കസേരയും മേശയുമടക്കമുള്ള ഉപകരണങ്ങൾ അടിച്ച് തകർക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇത് രണ്ടാമത്തെ തവണയാണ് ഈ ഓഫിസ് ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മഠത്തിൽ മുക്കിലെ ഓഫിസ് ആക്രമിച്ചിരുന്നു. ഓഫിസിനെതിരായ നിരന്തര അക്രമത്തിൽ ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.