സമസ്തയിൽ നുഴഞ്ഞുകയറാൻ സി.പി.എം ശ്രമം -ഹകീം ഫൈസി ആദൃശ്ശേരി
text_fieldsകോഴിക്കോട്: സമസ്തയിൽ നുഴഞ്ഞുകയറാൻ സി.പി.എം ശ്രമം നടത്തുന്നതായി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി. ലീഗ് നേതാക്കളെ നിയന്ത്രിക്കാൻ സമസ്തയിലെ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. സമസ്ത-സി.ഐ.സി വിവാദവുമായി ബന്ധപ്പെട്ട് മീഡിയവൺ ടെലിവിഷന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ക്ലവർ ആയിട്ടുള്ള ഒരാളാണ്. അദ്ദേഹത്തിന് ഇതൊക്കെ അതിജീവിക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു. പടച്ചവനോട് രഹസ്യസമയങ്ങളിൽ പ്രാർഥിക്കുന്നുമുണ്ട്. സമസ്ത നേതൃത്വം നിർദ്ദേശിച്ചതെല്ലാം അനുസരിച്ചിട്ടും സി.ഐ.സിയെ പിന്തുടർന്ന് ദ്രോഹിക്കാൻ ചിലർ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. അതിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട് എന്ന് കരുതുന്നു. സമസ്തയിൽ നുഴഞ്ഞു കയറാൻ സി.പി.എമ്മിനു വേണ്ടി ശ്രമമുണ്ട്. മുൻകാലങ്ങളിലില്ലാത്ത വിധം ലീഗ് നേതാക്കളെ നിയന്ത്രിക്കാൻ സമസ്തയിലെ ചിലരും ശ്രമിക്കുന്നുണ്ട്'- അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള പൂർവകാല ബന്ധവും ഹകീം ഫൈസി എടുത്തുപറഞ്ഞു.
'പാണക്കാട് തങ്ങന്മാരും മുസ്‌ലിംലീഗും, അതിന് മുമ്പ് ബാഫഖി തങ്ങളും പൂക്കോയ തങ്ങളും എല്ലാം ചെയ്യുന്ന കാര്യങ്ങളിൽ സമസ്ത ഇടപെട്ടിരുന്ന ഒരു സംഭവമുണ്ടോ? ഇല്ലല്ലോ. അതവർക്കു വകവച്ചു കൊടുക്കുകയല്ലേ ചെയ്തിരുന്നത്. പാണക്കാട് തങ്ങന്മാരുടെ കാലത്ത് സമസ്തയിലോ സമുദായത്തിലോ വലിയൊരു കുഴപ്പമുണ്ടാകുമെന്ന് കരുതുന്നില്ല. സുന്നികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലച്ചുപോകുമെന്ന് കരുതുന്നില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സംവിധാനം പൊടുന്നനെ നിർത്താനാകില്ല. വിദ്യാഭ്യാസ പ്രവർത്തനവുമായി മുമ്പോട്ടു പോകും.' - അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. സമസ്തയിൽ സി.പി.എം നുഴഞ്ഞുകയറിയിട്ടില്ലെന്നും അവരുടെ പ്രശ്‌നങ്ങൾ അവർ പരിഹരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ ഒരുകാര്യം ഉറപ്പായും പറഞ്ഞിട്ടുണ്ട്. അത് സമസ്ത പരിഹരിക്കേണ്ട പ്രശ്‌നമാണ്. പരിഹരിച്ചോട്ടെ. ഞങ്ങൾക്ക് അതിനകത്ത് ഇടപെടേണ്ട യാതൊരു കാര്യവുമില്ല. ഞങ്ങൾ ഇടപെടുകയുമില്ല. ഇടപെടുന്ന പ്രശ്‌നവുമില്ല.' - എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.