ആർ.എസ്.എസ് സൈദ്ധാന്തികൻ തുറന്നുവിട്ട ബി.ജെ.പി-സി.പി.എം കച്ചവടമെന്ന 'ഭൂതത്തെ' തളയ്ക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് മുഖപത്രത്തിെൻറ മുൻ പത്രാധിപർ തുറന്നുവിട്ട ബി.ജെ.പി-സി.പി.എം കച്ചവടമെന്ന ഭൂതത്തെ തളയ്ക്കാൻ സി.പി.എം. ചെങ്ങന്നൂരിൽ സീറ്റ് കിട്ടാത്തതിനെ തുടർന്നാണ് ചെങ്ങന്നൂരിലും ആറന്മുളയിലും സി.പി.എം വിജയമുറപ്പാക്കാൻ ബി.ജെ.പിക്ക് കോന്നിയിൽ പ്രത്യുപകാരമെന്ന ആരോപണം ആർ. ബാലശങ്കർ ഉന്നയിച്ചത്.
പ്രചാരണം മുറുകവെ വീണുകിട്ടിയ ആക്ഷേപം കോൺഗ്രസ് ഏറ്റെടുത്തതോടെ ആക്ഷേപത്തിന് മറുപടി നൽകി പിണറായി വിജയൻ തന്നെ രംഗത്തെത്തി. കോൺഗ്രസായി ജയിക്കുന്നവരാണ് ബി.ജെ.പിയിൽ പോകുന്നതെന്ന് പുതുച്ചേരിയും ത്രിപുരയും ചൂണ്ടിക്കാട്ടി പറഞ്ഞ അദ്ദേഹം ഏത് നിമിഷവും കോൺഗ്രസിനെ കോരിയെടുക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും ആരോപിച്ചു. 1991ലെ കോ-ലീ-ബി സഖ്യം ഒാർമിപ്പിച്ചും 35 സീറ്റിൽ ജയിച്ചാൽ കേരളം ഭരിക്കുമെന്ന ബി.ജെ.പി വാദം ഉയർത്തിയുമാകും വരും ദിവസങ്ങളിൽ സി.പി.എമ്മിെൻറ പ്രത്യാക്രമണം. മുമ്പ് ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചുനൽകിയത് തുറന്ന് സമ്മതിച്ച ഒ. രാജഗോപാലിെൻറ പ്രസ്താവനയും സി.പി.എമ്മിന് ആയുധമായി മാറുകയാണ്.
കോ-ലീ-ബി സഖ്യ സമാനമായ ധാരണ ഇത്തവണയുമുണ്ടെന്നും അത് മറയ്ക്കാനാണ് പുതിയ വിവാദമെന്ന ആക്ഷേപമാണ് സി.പി.എമ്മിന്. കോൺഗ്രസും ബി.ജെ.പിയും നേമം-വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ 'അഡ്ജസ്റ്റ്മെൻറ്' ഉണ്ടന്നുമാണ് ആരോപണം. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർഥിയും കുണ്ടറയിൽ ബി.ഡി.ജെ.എസ് നിർത്തിയതും ദുർബല സ്ഥാനാർഥിയെന്ന് ചൂണ്ടിക്കാട്ടിയാകും പ്രചാരണം.
10 വർഷശേഷം ഘടകക്ഷിയിൽനിന്ന് കോൺഗ്രസ് ഏറ്റെടുത്ത നേമത്തെ യു.ഡി.എഫ് വോട്ടുകൾ ബി.ജെ.പിക്ക് മറിഞ്ഞത് ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. ബാലശങ്കറിെൻറ ആരോപണം സീറ്റ് കിട്ടാത്തതുമൂലമുള്ളതും ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്നവുമെന്ന നിലപാടാണ് സി.പി.എമ്മിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.