ഭാരത് ജോഡോ യാത്രയിൽ വിറളിപൂണ്ട സി.പി.എം-ബി.ജെ.പി സഖ്യം ഹീനവാര്‍ത്തകള്‍ പടച്ചുവിടുന്നു -കെ. സുധാകരന്‍ എം.പി
text_fieldsതിരുവനന്തപുരം: ഭാരത് ജോഡോ യാത്രയെ കേരള ജനത ഏറ്റെടുത്തതില്‍ വിറളിപൂണ്ട സി.പി.എം-ബി.ജെ.പി സഖ്യം ഹീനമായ വാര്‍ത്തകൾ പടച്ചുവിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മതനിരപേക്ഷ ശക്തികളെ ഒരുമിപ്പിച്ച് രാജ്യത്തെ ഫാഷിസ്റ്റ് ഭരണത്തില്‍ നിന്നും മോചിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അപകീര്‍ത്തിപ്പെടുത്തുംവിധം കൈരളി ചാനലില്‍ വന്ന വാര്‍ത്ത നിന്ദ്യവും നീചവുമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി അബദ്ധജടിലമായ വാര്‍ത്തകളാണ് പടച്ച് വിടുന്നത്. മാധ്യമധര്‍മ്മത്തിനും അതിന്റെ പവിത്രതയ്ക്കും നിരക്കാത്തതാണിത്. ഭാരത് ജോഡോയാത്രയുടെ മഹത്വത്തെ ഇകഴ്ത്തി അതിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം തുടക്കം മുതല്‍ നടത്തുന്നത്. കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനവിഭാഗത്തെ രാഹുല്‍ ഗാന്ധി കാണുന്നതും സംവദിക്കുന്നതും സി.പി.എം നേതൃത്വത്തെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ടെന്ന് ഇതിലൂടെ വ്യക്തമായതായും സുധാകരൻ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പരോക്ഷമായി പിന്തുണ നല്‍കുന്ന നിലപാടാണ് കേരള സി.പി.എം ഘടകം സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും ലഭിക്കുന്ന ജനപിന്തുണയെയും സ്വീകാര്യതയെയും സി.പി.എം ഭയക്കുന്നു. പദയാത്രയ്ക്ക് കേരളത്തിലും ഉജ്വല വരവേല്‍പ്പാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് ജോഡോ യാത്രയുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നത്.
നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍. എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എം.എം. ഹസ്സന്‍ തുടങ്ങി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും യാത്രയുടെ ഭാഗമായിട്ടുണ്ട്. എന്നിട്ടും ചില നേതാക്കളെ മാത്രം കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം കേരളീയ സമൂഹത്തിന് ബോധ്യമാകും. വിവേകരഹിതമായ കൈരളി ചാനലിന്റെ നടപടിക്ക് പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടലാണെന്നും സുധാകരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.