സി.പി.എം-ബി.ജെ.പി അന്തർധാര സജീവം -വി.എം. സുധീരൻ
text_fieldsതച്ചങ്ങാട്: മുൻ കാലങ്ങളിലെന്നപോലെ ഇത്തവണയും സി.പി.എം, ബി.ജെ.പി അന്തർധാര സജീവമാണെന്നും വർഗീയ ഫാഷിസ്റ്റ് ശക്തികളുമായി ചങ്ങാത്തം പുലർത്തുന്ന സി.പി.എമ്മിന്റെ യഥാർഥ മുഖം തിരിച്ചറിയണമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ.
കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും പാർലമെന്ററി നടപടി ക്രമങ്ങൾ അട്ടിമറിച്ചും നരേന്ദ്ര മോദി ഭരണകൂടം ജനാധിപത്യത്തെ തകർത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തച്ചങ്ങാട് ബാലകൃഷ്ണൻ സ്മാരക മൂന്നാമത് പുരസ്കാരം 10,000 രൂപയും, ശിൽപവും, മംഗള പത്രവും സാമൂഹിക-കാരുണ്യ പ്രവർത്തകൻ കേവീസ് ബാലകൃഷ്ണൻ മാസ്റ്റർക്ക് വി.എം. സുധീരൻ കൈമാറി. കേവീസ് ബാലകൃഷ്ണൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി.
യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ആദരഭാഷണം നടത്തി.
കെ.പി.സി.സി മെംബർ ഹക്കീം കുന്നിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഭക്തവത്സലൻ, മുസ് ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ് പള്ളിപ്പുഴ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ രവീന്ദ്രൻ കരിച്ചേരി, കെ.വി. ശ്രീധരൻ, പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് ദിവാകരൻ കരിച്ചേരി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ മഹേഷ് തച്ചങ്ങാട് സ്വാഗതവും, ട്രഷറർ ചന്ദ്രൻ തച്ചങ്ങാട് നന്ദിയും പറഞ്ഞു. ചരമവാർഷികത്തിന്റെ ഭാഗമായി 5 ദിവസത്തെ സൗജന്യ പ്രസംഗ പരിശീലനവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.