Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നടത്തിയത്...

സി.പി.എം നടത്തിയത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണം- വി.ഡി. സതീശൻ

text_fields
bookmark_border
സി.പി.എം നടത്തിയത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണം- വി.ഡി. സതീശൻ
cancel

കാസര്‍കോട്: ദേശാഭിമാനിക്ക് നല്‍കാത്ത പരസ്യം മുസ് ലിം സംഘടനകളുടെ പത്രത്തിന് നല്‍കിയതിലൂടെ സി.പി.എം നടത്തിയത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിനെ പോലൊരു പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നു. വടകരയില്‍ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയതു പോലെ പാലക്കാടും തെരഞ്ഞെടുപ്പിന്റെ തലേന്ന് മുസ് ലീം സംഘടകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അഡ്വട്ടോറിയല്‍ നല്‍കി വര്‍ഗീയ പ്രചരണത്തിനാണ് സി.പി.എം ശ്രമിച്ചിരിക്കുന്നത്.

സന്ദീപ് വാര്യര്‍ ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സി.പി.എം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീം സംഘടനകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ കൊടുത്ത പരസ്യം സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലുമില്ല. എല്ലാ മതവിഭാഗങ്ങളും വായിക്കും എന്നതു കൊണ്ടാണ് സ്വന്തം പത്രത്തില്‍ കൊടുക്കാതിരുന്നത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദീപിക പത്രത്തില്‍ ഒരു പരസ്യം നല്‍കി. മുസ്ലീം പത്രത്തില്‍ മറ്റൊരു പരസ്യവും കൊടുത്തു. എന്നാല്‍ അതിനേക്കാള്‍, വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംഘ്പരിവാര്‍ പോലും സി.പി.എമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തും.

പാലക്കാട് മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഉറപ്പിച്ചിട്ടും ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനുള്ള ഹീനമായ തന്ത്രം നടപ്പാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എന്തുവന്നാലും യു.ഡി.എഫ് തോല്‍ക്കണമെന്ന വാശിയാണ്. അതിന്റെ ഭാഗമായാണ് സര്‍ക്കാരിന് പത്ത് മിനിട്ടു കൊണ്ട് തീര്‍ക്കാന്‍ കഴിയുമായിരുന്ന മുനമ്പം വിഷയം പരിഹരിക്കാതെ ക്രൈസ്തവര്‍ക്കും മുസ് ലിംകള്‍ക്കും ഇടയില്‍ ഭിന്നതയുണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്താന്‍ സംഘ്പരിവാറിനും ബി.ജെ.പിക്കും അവസരമുണ്ടാക്കി കൊടുത്തത്. ബി.ജെ.പി -സി.പി.എം ബാന്ധവമാണ് പലക്കാട് തിരഞ്ഞെടുപ്പിന്റെ അവസാന ദിവസത്തെ ഹീനമായ വര്‍ഗീയ പ്രചരണത്തിലൂടെയും പുറത്തു വന്നിരിക്കുന്നത്.

ഒരാള്‍ ബി.ജെ.പിയുടെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പിണറായി വിജയന് എന്താണ് കുഴപ്പം? കാലടി ഗോപിയുടെ 'ഏഴു രാത്രികള്‍' എന്ന നാടകത്തിലെ കഥാപാത്രമായ പാഷാണം വര്‍ക്കിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലേക്ക് പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. പാഷാണം വര്‍ക്കി ഹിന്ദുവിന്റെ വീട്ടില്‍ പോകുമ്പോള്‍ കൃഷ്ണന്റെയും ക്രിസ്ത്യാനിയുടെ വീട്ടില്‍ പോകുമ്പോള്‍ യേശുക്രിസ്തുവിന്റെയും പടം വെക്കു.

ആളുകളെ കബളിപ്പിക്കുന്ന പാഷാണം വര്‍ക്കിയുടെ നിലയിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തരംതാണിരിക്കുന്നത്. ഇതാണോ ഇടതുപക്ഷം? ഇവരാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി? ഇവരാണോ പുരോഗമന പാര്‍ട്ടി? ഇവര്‍ തീവ്രവലതുപക്ഷ പിന്തിരിപ്പന്‍മാരാണ്. ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെന്നും ഞങ്ങള്‍ പുരോഗമന പാര്‍ട്ടിയല്ലെന്നും, തിരഞ്ഞെടുപ്പ് കാലത്ത് എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവലതുപക്ഷ പിന്തിരിപ്പന്‍ പാര്‍ട്ടിയാണെന്നുമാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം സി.പി.എം പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നത്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

സന്ദീപ് വാര്യര്‍ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രിസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് ഇത്ര പ്രശ്‌നം? ആര്‍.എസ്.എസ് അക്രമി സംഘത്തിന് നേതൃത്വം നല്‍കിയെന്നു പറയുന്ന ഒ.കെ വാസുവിന്റെ കഴുത്തില്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടു വന്ന് മലബാര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനം നല്‍കിയ ആളാണ് പിണറായി വിജയന്‍. സന്ദീപ് വാര്യര്‍ ആരെയും കൊന്നിട്ടില്ല.

വ്യാജമായ കാര്യങ്ങള്‍ വരെ കുത്തിനിറച്ചുള്ള വര്‍ഗീയതയാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. അതിന് തിരിച്ചടി കിട്ടും. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ബി.ജെ.പിയും നാവും മുഖവും ആയിരുന്ന ആള്‍ അത് ഉപേക്ഷിച്ചപ്പോള്‍ ബി.ജെ.പിയുടെ വീട്ടില്‍ നിന്നും കേള്‍ക്കുന്നതിനേക്കാള്‍ വലിയ കരച്ചിലാണ് സി.പി.എമ്മിന്റെ വീട്ടില്‍ നിന്നും കേള്‍ക്കുന്നത്. ഒ.കെ വാസുവിന് മാലയിട്ട പിണറായി വരെ കരയുകയാണ്. ഇനിയും പലരും വരാനിരിക്കുന്നതേയുള്ളൂ.

പാലാക്കട് യു.ഡി.എഫ് സ്ഥാനാർഥി പതിനായിരം വോട്ടിന് ജയിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇവര്‍ വൃത്തികേടുകള്‍ കാണിക്കുന്നതു കൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനയ്യായിരം കടന്നാലും അദ്ഭുതപ്പെടാനില്ല. ചേലക്കരയില്‍ മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ വിജയിക്കും. വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയിട്ടും സി.പി.എമ്മിന് നാണംകെട്ട തോല്‍വിയുണ്ടായി.

സി.പി.എമ്മിന്റെ കപട പ്രീണന തന്ത്രം ആരും വിശ്വസിച്ചില്ല. പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം, ഇത് കേരളമാണെന്ന് ഒരിക്കല്‍ കൂടി ജനം പിണറായി വിജയനെയും സി.പി.എമ്മിനെയും ഓര്‍മ്മപ്പെടുത്തിക്കൊടുക്കും. ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കോ ഏതെങ്കിലും സി.പി.എം നേതാവിനോ ഇല്ല. പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ ധൈര്യമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communal propagandaV. D. SatheesanPalakkad By Election 2024
News Summary - CPM carried communal propaganda similar to Kafir screenshot- V. D. Satheesan
Next Story