തെരഞ്ഞെടുപ്പ് തോൽവിയിൽ കേരള ഘടകത്തെ തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റി; താഴേതട്ടു മുതൽ തിരുത്തൽ വേണം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോൽവി ദേശീയതലത്തിൽ പാർട്ടിക്ക് വലിയ ആഘാതം സൃഷ്ടിച്ചെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം പാർട്ടിക്ക് ഗുണം ചെയ്തില്ല. തോൽവിയിൽ പാർട്ടിയുടെ താഴേ തട്ടുമുതൽ തിരുത്തൽ നടപടികളുണ്ടാകണമെന്നും ഡൽഹിയിൽ മൂന്നുദിവസം നീണ്ട കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു.
കോൺഗ്രസിനെ മുന്നിൽ നിർത്തിയുള്ള ദേശീയ ബദലിനൊപ്പം സി.പി.എം നിന്നതിനാൽ സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകളൊന്നാകെ കോൺഗ്രസിന് പോയെന്നായിരുന്നു വെള്ളിയാഴ്ച കേരള ഘടകം അവതരിപ്പിച്ച അവലോകനത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇത് തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഏറെക്കുറെ സമാന വാദം തന്നെയാണ് ബംഗാൾ ഘടകവും അവതരിപ്പിച്ചത്. കോൺഗ്രസുമായുള്ള കൂട്ടുകെട്ട് ബംഗാളിൽ പാർട്ടിക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്നും ഒറ്റക്ക് മത്സരിച്ചിരുന്നുവെങ്കിൽ സംഘടനപരമായി ഗുണം ചെയ്യുമായിരുന്നുവെന്നും സംസ്ഥാനത്തുനിന്നുള്ള അംഗങ്ങൾ ചൂണ്ടിക്കാട്ടി. അടിത്തട്ടിലുള്ള യാഥാർഥ്യം മനസ്സിലാക്കാതെയാണ് ബംഗാളിൽ പുതുമുഖങ്ങളെ പാർട്ടി ഇത്തവണ കൂടുതലായി ആശ്രയിച്ചതെന്നും വിമർശനം ഉയർന്നു.
പാർട്ടിയുടെ വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോരുന്നത് തടയാൻ അടിയന്തര നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ബി.ജെ.പിക്കുണ്ടായ വളർച്ച പാർട്ടി എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ലെന്നും പരിശോധിക്കും. വെള്ളിയാഴ്ച ആരംഭിച്ച തെരഞ്ഞെടുപ്പ് അവലോകന ചർച്ച ഞായറാഴ്ച അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.