കേരളത്തിലെ മാധ്യമവേട്ട: സി.പി.എം കേന്ദ്ര നേതാക്കളുടെ മൗനം വാചാലം
text_fieldsതിരുവനന്തപുരം: മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനെ ആവർത്തിച്ച് ന്യായീകരിക്കുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്ല. ഇക്കാര്യത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളിൽനിന്ന് തുടർച്ചയായി ഒഴിഞ്ഞുമാറുകയാണ് കേന്ദ്ര നേതാക്കൾ. ദേശീയ വിഷയത്തിൽ പ്രതികരണവുമായി ഡൽഹിയിൽ മാധ്യമങ്ങൾക്കുമുന്നിലെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമപ്രവർത്തകക്കെതിരായ കേസിനെക്കുറിച്ച് ചോദ്യം വന്നപ്പോൾ വാർത്തസമ്മേളനം അവസാനിപ്പിച്ച് മടങ്ങി.
മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ചോദിച്ചപ്പോൾ വിഷയമറിയില്ലെന്നായിരുന്നു മറുപടി. പ്രതികരിക്കാൻ ബ്രൃന്ദ കാരാട്ടും തയാറായില്ല. മാധ്യമ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ഉടൻ പ്രതികരണുമായി രംഗത്തുവരാറുള്ളവരാണ് യെച്ചൂരി ഉൾപ്പെടെ ഇടതുനേതാക്കൾ. കേരളത്തിൽ ഇടതുസർക്കാർ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനും അതിനെ പാർട്ടി സെക്രട്ടറി തന്നെ ന്യായീകരിച്ചതിനും ദേശീയ മാധ്യമങ്ങളിൽ വലിയ പ്രാധാന്യമാണ് ലഭിച്ചത്. കേന്ദ്രത്തിൽ മോദിയും യു.പിയിൽ യോഗിയും സ്വീകരിക്കുന്ന മാധ്യമവിരുദ്ധ സമീപനത്തോടാണ് പിണറായി സർക്കാറിന്റെ നടപടിയെ പലരും സമീകരിച്ചത്.
സി.പി.എമ്മിന്റെ പ്രതിച്ഛായക്ക് ദേശീയതലത്തിൽ മങ്ങലേൽപിച്ച വിഷയമായി കേരള സർക്കാർ നടപടി മാറി. ഇതുവരെ എതിരാളികൾക്കുമേൽ ചാർത്തിയ ആക്ഷേപം തങ്ങൾക്കുനേരെ വരുന്നതിൽ കേന്ദ്ര നേതൃത്വം അസ്വസ്ഥരാണ്. സംസ്ഥാന സർക്കാർ നടപടിയിൽ തെറ്റില്ലായെന്ന് കരുതുന്നെങ്കിൽ കേന്ദ്രനേതാക്കളിൽനിന്ന് അനുകൂല പ്രതികരണമുണ്ടാകേണ്ടതാണ്. അതുണ്ടായില്ല, പകരം നേതാക്കൾ ഒന്നടങ്കം മൗനത്തിലാണ്. വാചാലമായ മൗനത്തിനു പിന്നിൽ പാർട്ടിയുടെ ഇപ്പോഴത്തെ ബലാബലവും ഒരു ഘടകമാണ്.
ബംഗാളിലും ത്രിപുരയിലും മെലിഞ്ഞുണങ്ങിയപ്പോൾ കേരളത്തിൽ മാത്രമാണ് സി.പി.എമ്മിന് അധികാരവും ആരോഗ്യവുമുള്ളത്. കേരള ഘടകത്തെ തിരുത്താൻ മാത്രമുള്ള ത്രാണി കേന്ദ്ര നേതൃത്വത്തിനില്ല. കേന്ദ്ര നേതാക്കൾ പരസ്യപ്രതികരണത്തിന് തയാറാകാത്തതും അതുകൊണ്ടുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.