നിയമഭേദഗതിക്കെതിരെ സി.പി.എം കേന്ദ്ര നേതൃത്വം; തിരുത്തണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: വിവാദ പൊലീസ് നിയമഭേദഗതി തിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനെ നിർബന്ധിച്ചത് സി.പി.എം കേന്ദ്രനേതൃത്വത്തിെൻറ സമ്മർദം. ഒപ്പം, ദേശീയതലത്തിൽ ഉയർന്ന പ്രതിഷേധം. പാർട്ടിയുടെയും ഇടതുപക്ഷത്തിെൻറയും ജനപക്ഷ നയങ്ങൾക്ക് കടകവിരുദ്ധമായ ഓർഡിനൻസിൽനിന്നു പിന്മാറുകയല്ലാതെ വേറെ വഴിയില്ലെന്ന പാർട്ടി നിലപാട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുകയായിരുന്നു.
കേരളത്തിലെ പാർട്ടിയുടെയും ഭരണത്തിെൻറയും പിടിയിലാണ് കുറെ വർഷങ്ങളായി സി.പി.എം കേന്ദ്ര നേതൃത്വം. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടിയുടെ മുഖം രക്ഷിക്കാൻ തിരുത്തൽ അല്ലാതെ വഴിയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടതിൽ ആശ്വാസം കൊള്ളുകയാണ് പാർട്ടി നേതാക്കൾ.
അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി ഉറക്കെ ശബ്ദിക്കുന്ന പാർട്ടിയാണെന്നിരിക്കേ, വിവാദ പൊലീസ് നിയമഭേദഗതി നിർദേശത്തിന് എങ്ങനെ അംഗീകാരം നൽകാനായി എന്ന ചോദ്യമാണ് സി.പി.എം കേന്ദ്രനേതൃത്വം നേരിട്ടത്. ഇടതുപക്ഷത്തെ ചീത്തയാക്കരുതെന്നായിരുന്നു സി.പി.ഐ-എം.എല്ലിെൻറ ഓർമപ്പെടുത്തൽ. സി.പി.ഐയും തുറന്നെതിർത്തു.
ഐ.ടി നിയമത്തിലെ 66എ വകുപ്പ്, യു.എ.പി.എ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ, 499 തുടങ്ങിയവ ജനാധിപത്യവിരുദ്ധവും പൗരാവകാശം നിഷേധിക്കുന്നതുമാണെന്ന വിഷയം ശക്തമായി ഉയർത്തിയ സി.പി.എമ്മിന് പിണറായി സർക്കാറിെൻറ വിവാദ ഓർഡിനൻസിനു മുന്നിൽ ഉത്തരം മുട്ടുന്ന സ്ഥിതി വന്നു. ഓർഡിനൻസ് പുനഃപരിശോധിക്കുമെന്ന് തിങ്കളാഴ്ച രാവിലെ സീതാറാം യെച്ചൂരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൗരാവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സി.പി.എം എന്ന് യെച്ചൂരി കൂട്ടിച്ചേർത്തു. അത് സംസ്ഥാന നേതൃത്വത്തിനുള്ള സന്ദേശം കൂടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.