പയ്യന്നൂരിലെ നടപടി: ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്ന് സി.പി.എം
text_fieldsകണ്ണൂർ: പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുത്തത് വിശദ അന്വേഷണങ്ങള്‍ക്കും പരിശോധനക്കുംശേഷമെന്ന് സി.പി.എം ജില്ല കമ്മിറ്റി. പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫണ്ടിലോ എ.കെ.ജി ഭവന് നിർമാണത്തിലോ ധനരാജ് കുടുംബസഹായ ഫണ്ടിലോ ഒരുവിധ പണാപഹരണവും നടന്നിട്ടില്ല. എന്നാൽ, കെട്ടിട നിര്‍മാണത്തിന്റെയും ധനരാജ് ഫണ്ടിന്റെയും വരവു-ചെലവ് കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ച വിഷയത്തിലാണ് നടപടി.
ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലെ നേതാക്കൾക്കുണ്ടായ വീഴ്ച. അതിനാലാണ് പാർട്ടി നടപടിയെന്ന് ജില്ല കമ്മിറ്റി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫണ്ടില്‍ സാമ്പത്തിക ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണ കമീഷന് കണ്ടെത്തിയത്.ആരോപണ വിധേയനായ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെ ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു.
തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും പകരം സംസ്ഥാന സമിതിയംഗം ടി.വി. രാജേഷിന് താൽകാലിക ചുമതല നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.