മാത്യു കുഴൽനാടൻ വരുമാനത്തിന്റെ 30 മടങ്ങ് സ്വത്ത് സമ്പാദിച്ചെന്ന് സി.പി.എം
text_fieldsഎറണാകുളം: കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടനെതിരെ വീണ്ടും ആരോപണങ്ങളുമായി സി.പി.എം. പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കുഴൽനാടൻ വരുമാനത്തിന്റെ 30 മടങ്ങ് സ്വത്ത് സമ്പാദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി തരാൻ മാത്യു കുഴൽനാടന് സാധിച്ചിട്ടില്ലെന്നും മോഹനൻ വ്യക്തമാക്കി.
ചിന്നക്കനാലിൽ മാത്യുകുഴൽനാടനുള്ളത് റിസോർട്ട് തന്നെയാണ്. കുഴൽനാടന് വിദേശനിക്ഷേപത്തിന് അനുമതിയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കുഴൽനാടനൊപ്പം റിസോർട്ട് വാങ്ങിയത് ബിനാമികളാണ്. ആധാരത്തിൽ പേരുള്ള മറ്റ് രണ്ട് പേരും പണം മുടക്കിയിട്ടില്ല.വീടുവെക്കാൻ മാത്രം അനുവാദമുള്ള ചിന്നക്കനാലിലെ സ്ഥലത്ത് റിസോർട്ട് നിർമിച്ചു. റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നുണ്ടെന്നും സി.എൻ മോഹനൻ ആരോപിച്ചു.
അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായത് സംശയകരമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ കഴിഞ്ഞ ദിവസം ആരോപിച്ചു. 2021 മാർച്ച് 18ന് രാജകുമാരി സബ് രജിസ്ട്രാർ ഓഫീസിൽ രജസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും രണ്ട് പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപ മാത്രമാണ്.
മാർച്ച് 19ന് മുവാറ്റുപുഴ മണ്ഡലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലത്തിൽ ഈ വസ്തുവിലും റിസോർട്ടിലും 50 ശതമാനം ഓഹരിയുണ്ടെന്ന് അറിയിച്ചു. ഇതിന്റെ മൂല്യം മൂന്നരക്കോടിയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 24 മണിക്കൂർ കൊണ്ട് 1.92 കോടിയുണ്ടായിരുന്ന റിസോർട്ടിന്റെ മൂല്യം ഏഴ് കോടിയായി ഉയർന്നുവെന്നും ഇത് അന്വേഷിക്കണമെന്നും സി.എൻ മോഹനൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.