ജോസ് കെ. മാണിയുടെ തോൽവി അന്വേഷിക്കാൻ സി.പി.എം സമിതി
text_fieldsകോട്ടയം: പാർട്ടിയും മുന്നണിയും വിജയിച്ചപ്പോൾ ജോസ് കെ. മാണിക്ക് അടിതെറ്റിയതിെൻറ കാരണം കണ്ടെത്താൻ സി.പി.എം തീരുമാനം. പരാജയകാരണം വ്യക്തമാക്കി സി.പി.എം ജില്ല കമ്മിറ്റി അതീവരഹസ്യമായി നൽകിയ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് സംസ്ഥാനതല അന്വേഷണത്തിന് പാർട്ടി തീരുമാനിച്ചത്. പ്രത്യേക അന്വേഷണ കമീഷനെത്തന്നെ നിയമിക്കുമെന്നാണ് വിവരം.
പാലായിൽ മാണി സി. കാപ്പന് മുന്നിൽ ജോസ് കെ. മാണി ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോൾ മത്സരിച്ച 10ൽ അഞ്ചുപേരും വിജയിച്ചു. കോട്ടയത്ത് മൂന്നും ഇടുക്കി,-പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തരും ജയിച്ചപ്പോൾ ജോസ്കെ. മാണിക്ക് സ്വന്തം തട്ടകത്തിൽ അടിതെറ്റി. ഇതിൽ കേരള കോൺഗ്രസ് നേതൃത്വം കടുത്ത അമർഷത്തിലാണ്.
അതിനിടെ, സി.പി.എം വോട്ടുകൾ മാണി സി. കാപ്പന് കാര്യമായി ലഭിച്ചെന്ന് തോമസ് ചാഴികാടൻ എം.പി ആരോപിച്ചതും അന്വേഷണത്തിന് സി.പി.എമ്മിന് പ്രേരകമായെന്നാണ് വിവരം. ബി.െജ.പി ഭരിക്കുന്ന മുത്തോലി പഞ്ചായത്തിൽ മാത്രമാണ് ജോസ് കെ. മാണിക്ക് ലീഡ് ലഭിച്ചതെന്നും സി.പി.എമ്മുമായി കേരള കോൺഗ്രസിന് പ്രാദേശിക തലത്തിൽ യോജിക്കാനാവാത്തതാണ് വോട്ട് ചോർച്ചക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എലിക്കുളം അടക്കം സി.പി.എം ശക്തികേന്ദ്രങ്ങളിൽ എല്ലാം ജോസ് കെ. മാണി പിന്നിലായി. ബി.ജെ.പി വോട്ടുകൾക്കുപുറമെ സി.പി.എം വോട്ടുകളും കാര്യമായി കാപ്പന് ലഭിച്ചു. ബി.ജെ.പി വോട്ട് കാൽലക്ഷത്തിൽനിന്ന് പതിനായിരമായി കുറഞ്ഞിരുന്നു.
അതേസമയം, ഇടത് തരംഗത്തിനിടയിലും കേരള കോൺഗ്രസിെൻറ പാലായിലെ തോൽവി പാർട്ടിയിലും ചർച്ചയാവുകയാണ്. ചാലക്കുടി, കടുത്തുരുത്തി, പെരുമ്പാവൂർ, ഇരിക്കൂർ, പിറവം മണ്ഡലങ്ങളിലും സി.പി.എം കേരള കോൺഗ്രസിന് വോട്ട് ചെയ്തില്ലെന്ന ആരോപണവും കത്തിക്കയറുകയാണ്. എന്നാൽ, തോൽവിയിൽ പരാതിയുമായി സി.പി.എം നേതൃത്വത്തെ സമീപിക്കേെണ്ടന്നും പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
ജോസ് െക. മാണിയെ ഉൾക്കൊള്ളാൻ പലയിടത്തും പ്രാദേശിക സി.പി.എം പ്രവർത്തകർക്ക് കഴിയുന്നില്ലെന്ന് കേരള കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പാലാ നഗരസഭയിൽ സി.പി.എം, -കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിലടിച്ചതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇത് ആസൂത്രിതമായിരുന്നുവെന്ന ആേരാപണവും ഉയരുന്നുണ്ട്.
പാലാ മണ്ഡലത്തിലെ കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിലും ജോസിന് വോട്ട് കുറഞ്ഞതും ചർച്ചയാവുകയാണ്. പാർട്ടിതലത്തിൽ ഇതേക്കുറിച്ചും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ചിലർ മാണി സി. കാപ്പന് അനുകൂല നിലപാട് രഹസ്യമായി സ്വീകരിച്ചെന്നും ആരോപണമുണ്ട്. ഇതിന് നേതൃത്വം നൽകിയ ഏതാനും പ്രമുഖരുടെ പേരുവിവരം പാർട്ടി തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.