കെ-റെയിലിന് കാരണം കേന്ദ്ര അവഗണനയെന്ന് സി.പി.എം സമ്മേളനം
text_fieldsകൊച്ചി: കെ-റെയിൽ പദ്ധതിയെ കേന്ദ്ര അവഗണനക്ക് എതിരായ സംസ്ഥാന സമ്മേളന പ്രമേയത്തിൽ ഉൾപ്പെടുത്തി സി.പി.എം. കേന്ദ്ര സർക്കാറിന്റെ അവഗണനയും വിവേചനവും സംസ്ഥാന വികസനത്തിന് വലിയ പ്രതിബന്ധമായി മാറിയിരിക്കുകയാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു. ഇതിൽ വിവിധ മേഖലകളിലെ അവഗണനകൾ വിശദീകരിക്കുമ്പോൾ റെയിൽവേ അവഗണനയെക്കുറിച്ചുള്ള ഭാഗത്താണ് കെ- റെയിൽ പദ്ധതി നടപ്പാക്കാൻ കേരളം ആലോചിച്ച സാഹചര്യം വിശദീകരിക്കുന്നത്.
കെ-റെയിൽ പദ്ധതിക്ക് ബദലായി ഉയരുന്ന വാദങ്ങൾതന്നെ കേന്ദ്രസർക്കാറിന്റെ അവഗണന കാരണമാണ് നടക്കാതിരിക്കുന്നതെന്നും അതിനാലാണ് കെ-റെയിൽ ആലോചിക്കുന്നത് എന്നും അതിൽതന്നെ റെയിൽവേ ഒത്തുകളിക്കുന്നു എന്നും കുറ്റപ്പെടുത്തിയാണ് സി.പി.എമ്മിന്റെ പ്രമേയം.
റെയിൽവേ വികസനത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് പുലർത്തുന്നത്. പാത ഇരട്ടിപ്പിക്കലും സിഗ്നൽ നവീകരിക്കലും രണ്ട് പതിറ്റാണ്ടായിട്ടും ഏന്തിവലിഞ്ഞാണ് നീങ്ങുന്നത്. പുതിയ പാതകളുടെ നിർമാണമൊന്നും നടക്കുന്നില്ല. ശബരിമലയിലേക്കുള്ള പാതയിൽപോലും സംസ്ഥാന സർക്കാർ മുതൽമുടക്കണമെന്നാണ് റെയിൽവേ ആവശ്യപ്പെടുന്നത്.
വന്ദേഭാരത് ട്രെയിൻ പോലുള്ള വേഗംകൂടിയ ട്രെയിനുകൾ ഓടിക്കണമെങ്കിൽ നിലവിലെ പാതകളുടെ വളവുകൾ നിവർത്തണം. ഇത് റെയിൽവേയുടെ അജണ്ടയിൽപോലുമില്ല. രാജ്യത്ത് അതിവേഗ, അർധ- അതിവേഗ പാത ശൃംഖലയിൽ കേരളം ഉൾപ്പെടുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് കെ-റെയിൽ പദ്ധതിയെക്കുറിച്ച് കേരളം ആലോചിച്ചത്. റെയിൽവേയുമായുള്ള സംയുക്ത സംരംഭമാണെങ്കിലും ബാധ്യതകളുടെയും മുതൽ മുടക്കിന്റെയും കാര്യത്തിൽ ഒളിച്ചുകളി നടത്തുകയാണെന്നും കുറ്റപ്പെടുത്തുന്നു.
ഈമാസം 28, 29 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചുള്ള പ്രമേയത്തിനും സമ്മേളനം അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.