മുഖം രക്ഷിച്ച് സി.പി.എം, കോൺഗ്രസ്; തൃശൂരിന്റെ തുടർച്ച എളുപ്പമല്ലെന്നത് ബി.ജെ.പിക്കുള്ള പാഠം
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വോട്ട് കണക്കിന്റെ വിശകലനത്തിൽ ഇടത് വലത് മുന്നണികൾക്ക് പരിക്കില്ല. വയനാട്ടും പാലക്കാട്ടും മിന്നുംജയം നേടിയ കോൺഗ്രസും ചേലക്കര കാത്ത സി.പി.എമ്മും ഒരുപോലെ മുഖം രക്ഷിച്ചു. അതേസമയം, വോട്ട് നില ബി.ജെ.പിക്ക് നിരാശ നൽകുന്നതാണ്. വലിയ സ്വപ്നം കണ്ട പാലക്കാട്ടെ വോട്ട് ചോർച്ച സംഘ്പരിവാർ പ്രതീക്ഷിച്ചതല്ല. വർഗീയതയുടെ ചേരുവകളാൽ നിറഞ്ഞ പ്രചാരണത്തിനൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ നേടിയ ചരിത്ര ഭൂരിപക്ഷം സി.പി.എമ്മിനെയും ബി.ജെ.പിയെയും ചെറുക്കാനുള്ള കരുത്തായി യു.ഡി.എഫിന് എടുത്തുകാട്ടാം. അതേസമയം, ചേലക്കര നിലനിർത്തിയതിലൂടെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്നത് പ്രതിപക്ഷ ആരോപണമെന്ന് വാദിക്കാൻ സി.പി.എമ്മിനും സാധിക്കും.
ഷാഫി പറമ്പിലിനെ ലോക്സഭയിലയച്ച് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയ കോൺഗ്രസ് ഏറ്റെടുത്തത് വലിയ റിസ്കാണ്. പാലക്കാട് ബി.ജെ.പി ജയിച്ചിരുന്നുവെങ്കിൽ അതിന്റെ പഴിയും പരിക്കും ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് പേറേണ്ടി വരുമായിരുന്നു. സി.പി.എമ്മിന് ചേലക്കര നിലനിർത്തേണ്ടതും അനിവാര്യമായിരുന്നു. ചേലക്കര നഷ്ടമായാൽ പിണറായി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം യാഥാർഥ്യമെന്ന് സി.പി.എമ്മിന് അംഗീകരിക്കാതിരിക്കാനാവില്ല. മാത്രമല്ല, അതിന്റെ അലയൊലി പിണറായിക്കുള്ള അപ്രമാദിത്വത്തിന് നേരെ ചോദ്യങ്ങളായി പാർട്ടി സമ്മേളനങ്ങളിലും പ്രതിഫലിച്ചേക്കാം. രാഹുൽ മാങ്കൂട്ടത്തിലിന്റെയും മിന്നും പ്രകടനവും യു.ആർ. പ്രദീപിന്റെ ആധികാരിക ജയവും കോൺഗ്രസിനെയും സി.പി.എമ്മിനെയും അത്തരം ‘അപകട’ത്തിൽനിന്ന് തൽക്കാലം രക്ഷപ്പെടുത്തി.
ഭരണവിരുദ്ധ വികാരമുയർത്താൻ വിഷയങ്ങൾ നിരവധിയുണ്ടായിട്ടും ചേലക്കരയിൽ അത് മുതലാക്കാൻ കഴിഞ്ഞില്ലെന്നത് കോൺഗ്രസിന്റെ ബലഹീനതയായി തന്നെ വിലയിരുത്തണം. അതുപോലെ പാലക്കാട്ട് ഒരിക്കൽകൂടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് സി.പി.എമ്മിന്റെ ദൗർബല്യവും എടുത്തുകാട്ടുന്നു. സുരേഷ് ഗോപിയുടെ വിജയത്തോടെ എല്ലാം പിടിച്ചടക്കാമെന്ന സംഘ്പരിവാർ ആവേശം പാലക്കാട്ട് പൊളിഞ്ഞു. പാലക്കാട് നഗരസഭയിൽ ശക്തികേന്ദ്രത്തിൽ പിന്നിലായത് തൃശൂരിന്റെ തുടർച്ച അത്ര എളുപ്പമല്ലെന്ന പാഠമാണ് ബി.ജെ.പിക്ക് നൽകുന്നത്. പാണക്കാട് തങ്ങളിൽ വർഗീയത ആരോപിച്ച് ഭൂരിപക്ഷ വോട്ടിനും വിവാദ പത്രപരസ്യത്തിലൂടെ മുസ്ലിം വോട്ട് ഭിന്നിക്കാനും സി.പി.എം നടത്തിയ നീക്കങ്ങൾ പാളിപ്പോയി എന്നതും വോട്ട് കണക്കിൽ വ്യക്തമാണ്.
വയനാട്ടിലെ ഫലം എന്തെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. കോൺഗ്രസ് അവകാശപ്പെട്ട അഞ്ചുലക്ഷം ഭൂരിപക്ഷം പ്രിയങ്ക നേടില്ലെന്ന് പോളിങ് കുറഞ്ഞപ്പോൾ ഉറപ്പിച്ചതാണ്. അത് മൂന്ന് ലക്ഷത്തിൽ താഴെ പോയാൽ കോൺഗ്രസിന് ക്ഷീണമാണ്. എന്നാൽ, രാഹുൽ ഗാന്ധി ഒടുവിൽ നേടിയതും മറികടന്ന് നാലുലക്ഷത്തിലധികം വോട്ടിന് പ്രിയങ്ക മുന്നിലെത്തിയത് കോൺഗ്രസിന് നൽകുന്ന ആവേശം ചെറുതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.