കുട്ടനാട്ടിൽ സി.പി.എം - സി.പി.ഐ തർക്കം സംഘർഷത്തിലേക്ക്
text_fieldsകുട്ടനാട്: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നതിന് പിന്നാലെ രാമങ്കരിയിൽ ഇരുപാർട്ടിയും തമ്മിലെ ബന്ധം കൂടുതൽ വഷളായി സംഘർഷത്തിലേക്ക് നീങ്ങുന്നു.കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം നടത്തുന്ന ജാഥയുടെ പ്രചാരണാർഥം വേഴപ്ര ടൈറ്റാനിക് പാലത്തിൽ കെട്ടിയ കൊടിയും തോരണങ്ങളും നശിപ്പിക്കപ്പെട്ടതിന് പിന്നിൽ അടുത്തിടെ പാർട്ടി വിട്ടവരാണെന്ന് ആക്ഷേപവുമായി പ്രാദേശിക നേതൃത്വം രംഗത്ത് എത്തിയതോടെയാണ് ഏറ്റുമുട്ടൽ സാധ്യത ശക്തിപ്പെട്ടിരിക്കുന്നത്.
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത് ബുധനാഴ്ച ചേർന്ന സമ്മേളനത്തിൽ ഏരിയ, ലോക്കൽ നേതൃത്വം പാർട്ടി വിട്ടവർക്കുനേരെ കടുത്ത ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. കൊടിതോരണങ്ങൾ നശിപ്പിക്കുകയും നേതാക്കളെ ആക്ഷേപിക്കുകയും ചെയ്യുന്നവർ ആരായാലും കൈകാര്യം ചെയ്യാൻ അറിയാമെന്ന ഭീഷണിസ്വരത്തിൽ ആയിരുന്നു നേതാക്കളുടെ പ്രസംഗം.
രാജേന്ദ്രകുമാർ സി.പി.എം വിട്ടത് പാർട്ടിയുടെ ഏതെങ്കിലും നയത്തോടുള്ള വിയോജിപ്പിന്റെ ഭാഗം ആണെങ്കിൽ വ്യക്തമാക്കണം, അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. മത്സരിച്ചത് സി.പി.എമ്മിന്റെ ചിഹ്നത്തിലാണ്. ഇടതുമുന്നണി സ്ഥാനാർഥിയായാണ് മത്സരിച്ചതെന്ന രാജേന്ദ്രകുമാറിന്റെ വാദം ഒരു കോടതിയും അംഗീകരിക്കില്ലെന്നും ജാഥ ഉദ്ഘാടനം ചെയ്ത സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. പ്രസാദ് പറഞ്ഞു.
ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കുട്ടനാട്ടിൽ പഞ്ചായത്തുതല കാൽനട ജാഥകൾ നടന്നത്. കേന്ദ്രത്തിനെതിരായ ജാഥയെന്നാണ് ഏരിയ കമ്മിറ്റി പറയുന്നതെങ്കിലും സി.പി.ഐയിലേക്കുള്ള അണികളുടെ ഒഴുക്കിന് തടയിടുകയാണ് ലക്ഷ്യം. കുട്ടനാട്ടിൽ സി.പി.എം വിട്ട മുന്നൂറിൽപരം ആളുകളിൽ 222 പേർക്ക് സി.പി.ഐ അംഗത്വം നൽകിയിരുന്നു. സി.പി.എം വിട്ടവരെ തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ജില്ല നേതൃത്വം ചെയ്തിരുന്നു. എന്നാൽ, പാർട്ടി വിട്ടവർ തിരികെയെത്താതായതോടെയാണ് ശക്തിപ്രകടനം നടത്താൻ സി.പി.എം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.