എരുമേലി പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കി സി.പി.എം-സി.പി.ഐ തർക്കം
text_fieldsഎരുമേലി: പഞ്ചായത്ത് ഭരണകക്ഷിയിൽ സി.പി.എം-സി.പി.ഐ തർക്കം രൂക്ഷമാകുന്നു. സി.പി.എമ്മിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സി.പി.ഐ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് വലിയ വഞ്ചന കാട്ടിയവരാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗ്രാമസഭ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നതും, സി.പി.എമ്മിൽ കൊഴിഞ്ഞുപോക്കെന്ന് കള്ളപ്രചാരണം നടത്തുന്നതും വഴി സി.പി.ഐക്കുള്ളിലെ തർക്കം മൂടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സി.പി.എം ലോക്കൽ സെക്രട്ടറി വി.ഐ. അജി, അബ്ദുൽ കരീം, ടി.എസ്. കൃഷ്ണകുമാർ, ഷാനവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അതേ സമയംപഞ്ചായത്തിൽ പ്രസിഡന്‍റ് സി.പി.എം പ്രതിനിധിയും വൈസ് പ്രസിഡന്‍റ് സി.പി.ഐ പ്രതിനിധിയുമാണ്.
സി.പി.എം അംഗം പ്രതിനിധാനം ചെയ്യുന്ന വാഴക്കാല വാർഡിലെ ഗ്രാമസഭയിൽ ക്വാറം തികഞ്ഞില്ലെന്ന് ആരോപിച്ച് സി.പി.ഐ പ്രവർത്തകർ ചോദ്യംചെയ്തിരുന്നു. അടുത്തദിവസം ഒരു സി.പി.ഐ പ്രവർത്തകന് മർദനവുമേറ്റു.സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് ആരോപിച്ച് സി.പി.ഐ പ്രതിഷേധവും നടത്തി. ഇതിന് പിന്നാലെ പഞ്ചായത്ത് കമ്മിറ്റിയിലും വാക്കേറ്റമുണ്ടായി.
ഇരുകൂട്ടരും പൊലീസിൽ പരാതിയും നൽകി. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം 15 -ഓളമാളുകൾ പാർട്ടിവിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. സി.പി.ഐ എരുമേലി ലോക്കൽ കമ്മിറ്റിക്കെതിരെ അഴിമതിയടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഇവർ സി.പി.എമ്മിലെത്തിയത്.തൊട്ടുപിന്നാലെ സി.പി.എമ്മിൽ കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നതായി സി.പി.ഐയും പരസ്യപ്രചാരണം നടത്തി. ഇതിനെതിരെ ഇപ്പോൾ സി.പി.എമ്മും പരസ്യമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.