കോൺഗ്രസിനെ വഷളാക്കാന്‍ സി.പി.എം അരഡസന്‍ വിവാദം സൃഷ്ടിച്ചു, എല്ലാം തിരിച്ചടിച്ചു -വി.ഡി. സതീശൻ
text_fieldsകൊച്ചി: ഉപതെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പാലക്കാട്ട് കോൺഗ്രസിനെ വഷളാക്കാന്‍ സി.പി.എം അരഡസന്‍ വിവാദം സൃഷ്ടിച്ചെന്നും എല്ലാം തിരിച്ചടിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടുകുറഞ്ഞതില്‍ ഏറ്റവും സങ്കടപ്പെടുന്നയാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. പാലക്കാട്ട് മൂന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് സി.പി.എം ചെയ്തത്. ചേലക്കരയിൽ ഭൂരിപക്ഷം കുറഞ്ഞു. വയനാട്ടിൽ 75000 വോട്ട് കുറഞ്ഞു. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ലെന്നാണ് പറയുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
“ചേലക്കരയും പാലക്കാടും വയനാട്ടിലും രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. ചേലക്കരയിലും ജയിക്കാനാണ് പാർട്ടി ശ്രമിച്ചത്. 2021ൽ നാൽപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിച്ച മണ്ഡലത്തിൽ, ഇത്തവണ അത് പന്തീരായിരമായി കുറച്ചു. പാലക്കാടിനേക്കാൾ നന്നായി അവിടെ പ്രവർത്തിച്ചു. പാലക്കാട് എന്തെല്ലാം വിവാദങ്ങളുണ്ടായി? കത്ത് വിവാദം, പാതിരാ നാടകം, പെട്ടി വിവാദം, സ്പിരിറ്റ് വിവാദം, പരസ്യവിവാദം, അവസാനം സന്ദീപ് വാര്യർ വിവാദം. ഞങ്ങളെ വഷളാക്കാന്‍ വേണ്ടി അരഡസന്‍ വിവാദം സി.പി.എം ഉണ്ടാക്കി. ഒടുവിൽ അതെല്ലാം തിരിച്ചടിച്ചു.
രാഹുല്‍ ഒരു എസ്.ഡി.പിഐ നേതാവുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. സ്ഥാനാര്‍ഥി പോകുന്നിടത്ത് പലരും നിന്ന് ഫോട്ടോയെടുത്തിട്ടുണ്ടാകും. കഴിഞ്ഞതവണ ഇ.ശ്രീധരന് കിട്ടിയ വോട്ടുകളാണ് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയതെന്നും അതെല്ലാം എസ്.ഡി.പി.ഐ.യുടെയും ജമാഅത്ത് ഇസ്‌ലാമിയുടെയും വോട്ടുകളാണോ? പാലക്കാട്ട് മൂന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് സി.പി.എം ചെയ്തത്. 2021നേക്കാള്‍ 900 വോട്ട് കൂടിയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, 2021-ന് ശേഷം 15000 വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ സി.പിഎമ്മിന്റെ വോട്ടില്ലേ. എന്നിട്ടാണ് രാഹുല്‍ എസ്.ഡി.പി.ഐ സഹായത്തോടെ ജയിച്ചതെന്ന് വ്യാപകമായി പ്രചരണം നടത്തുന്നത്.
ബി.ജെ.പിക്കും ഇ.ശ്രീധരനും പോയ വലിയൊരു ശതമാനം വോട്ടാണ് രാഹുലിന് കിട്ടിയത്. ഇ.ശ്രീധരന് പോയ വോട്ട് എസ്.ഡി.പി.ഐ.യുടേതും ജമാഅത്ത് ഇസ്‌ലാമിയുടേതുമാണോ. സി.പി.എം. പാലക്കാട് ദയനീയമായി മൂന്നാംസ്ഥാനത്തേക്ക് പോയെന്ന് അവര്‍ മനസിലാക്കണം. ചേലക്കരയില്‍ ഭൂരിപക്ഷം കുറഞ്ഞു. 75000 വോട്ട് വയനാട്ടില്‍ കുറഞ്ഞു. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ലെന്നാണ് പറയുന്നത്. അങ്ങനെ അവര്‍ വിശ്വസിക്കുകയാണെങ്കില്‍ വിശ്വസിച്ചോട്ടെ” - സതീശന്‍ പറഞ്ഞു.
പിണറായി ജമാഅത്ത് ഇസ്‌ലാമിക്കെതിരായി ആഞ്ഞടിക്കുകയാണല്ലോ. പിണറായിയും ജമാഅത്ത് ഇസ്‌ലാമി അമീറും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ഞാന്‍ കാണിച്ചുതരാം. മതേതര നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. തിരഞ്ഞെടുപ്പിന്റെ അവസാനദിവസം സംഘപരിവാറിനെ പോലും നാണം കെടുത്തുന്ന രീതിയില്‍ രണ്ട് പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കി വര്‍ഗീയത ആളിക്കത്തിച്ചവരാണ് ഇടതുപക്ഷമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.