'പാർലമെന്‍ററി വ്യാമോഹം, സ്ഥാനമാനങ്ങളിൽ കടിച്ചുതൂങ്ങൽ..' : നേതാക്കളുടെ പേര് പറയാതെ കുത്തി സി.പി.എം
text_fieldsകൊച്ചി: ചില നേതാക്കളുടെ പാർലമെന്‍ററി വ്യാമോഹവും സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിക്കലും സ്ഥാനമാനങ്ങളിൽ കടിച്ചുതൂങ്ങി നിൽക്കാനുള്ള പ്രവണതയും പാർട്ടിയിൽ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നുള്ള എൽ.ഡി.എഫ് പ്രതിനിധികളുടെ എണ്ണം 2004ലേതിന് സമാനമായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തന പരിപാടിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. പാർട്ടിയിൽ എല്ലാവരും തിരുത്തലിന് വിധേയമാകണം. പാർലമെൻറി വ്യാമോഹം വെച്ചുപൊറുപ്പിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.
ഒരാൾ പാർലമെൻറി സ്ഥാനത്ത് എത്തിയാൽ പിന്നീട് ആർക്കുവേണ്ടിയും ഒഴിയില്ലെന്ന സ്ഥിതിയാണുള്ളത്. ഇത് ശരിയല്ല. ആലപ്പുഴയിൽ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ജി. സുധാകരന് എതിരായി ഉയർന്ന ആക്ഷേപവും പരസ്യശാസനയുടെയും പശ്ചാത്തലത്തിലാണ് റിപ്പോർട്ടിലെ നിരീക്ഷണം.
പക്ഷേ, സുധാകരന്‍റെ പേരോ അദ്ദേഹത്തിന് എതിരായ നടപടിയോ റിപ്പോർട്ടിന്‍റെ ഭാഗമാക്കിയിട്ടില്ല. ചിലർ പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് മുമ്പേ സ്വയം സ്ഥാനാർഥിയായി തിരുമാനിച്ച് പ്രവർത്തനം തുടങ്ങിയ അനുഭവവും ഉണ്ടായി. ഇത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ. മധുവിന്‍റെ പേര് എടുത്ത് പറയാതെ വ്യക്തമാക്കുന്നു. ചിലർ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പാർട്ടിക്ക് പുറത്ത് ചില സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിക്കുന്ന ദുഷ്പ്രവണതയുമുണ്ട്.
കഴിഞ്ഞ തൃശൂർ സമ്മേളനത്തിൽ എടുത്ത ബി.ജെ.പിയെ ഒറ്റപ്പെടുത്തുക, യു.ഡി.എഫിനെ പരമാവധി പരാജയപ്പെടുത്തുക എന്ന തീരുമാനത്തിൽ ലക്ഷ്യം നേടാൻ കഴിഞ്ഞു. എൽ.ഡി.എഫ് വികസനമാണ് കഴിഞ്ഞ സമ്മേളനം ലക്ഷ്യമായി കണ്ടത്. എൽ.ജെ.ഡിയും കേരള കോൺഗ്രസും യു.ഡി.എഫ് വിട്ട് വന്നതോടെ അതും സാധ്യമായി. എൽ.ഡി.എഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം മുഴുവൻ നടപ്പാക്കണം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രവർത്തകരെ സജ്ജമാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
ബി.ജെ.പി സർക്കാറിനെ കേന്ദ്രത്തിൽനിന്ന് പുറത്താക്കാൻ നിർണായക റോൾ കേരളത്തിലെ സി.പി.എമ്മിനുണ്ട്. ഇതിനായി ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പാർലമെൻറിലെ അംഗബലം വർധിപ്പിക്കണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 19 സീറ്റിൽ വിജയിച്ചെങ്കിലും കോൺഗ്രസിന് മുഖ്യപ്രതിപക്ഷം പോലും ആകാൻ കഴിഞ്ഞില്ല. ഇത് ജനങ്ങളുടെ മനസ്സിലുണ്ട്. ഈ സാഹചര്യം വിശദീകരിച്ച് ജനങ്ങളെ എൽ.ഡി.എഫിന് പിന്നിൽ അണിനിരത്തണം. ഇതിനാവശ്യമായ പ്രചാരണ പ്രവർത്തനം വരും നാളുകളിൽ ഏറ്റെടുത്ത് നടപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.