ഇഡി റെയ്ഡ്: ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും, സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കൽ കോർപറേറ്റ് അജൻഡ-സി.പി.എം
text_fieldsതൃശൂർ: കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപം വൻകിട കോർപറേറ്റുകളെ എന്നും മോഹിപ്പിക്കുന്നതായിരുന്നുവെന്നും ഇത് കൈപ്പിടിയിൽ ഒതുക്കുന്നതിന് കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുകയാണെന്നും സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയറ്റ്. സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള കോർപറേറ്റ് അജൻഡയുടെ ഭാഗമാണ് സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ്. ഈ നീക്കത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും സി.പി.എം വ്യക്തമാക്കി.
ബിജെപി– കോൺഗ്രസ് ഗൂഢാലോചനയുടെ തെളിവാണ് റെയ്ഡ്. സഹകരണ ജീവനക്കാരെ 24 മണിക്കൂർ പ്രാഥമികാവശ്യങ്ങൾക്ക് പോലും വിടാതെ നടത്തിയ റെയ്ഡ് ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായിരുന്നു. ജീവനക്കാർ ആരും ഏതെങ്കിലുമൊരു ക്രിമിനൽ കേസിൽ പോലും പ്രതിയായിട്ടുള്ളവരല്ല.
രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങൾ ശതകോടീശ്വരൻമാർക്ക് വിറ്റുതുലച്ചവർ കോർപറേറ്റുകളുടെ ഇംഗിതം നടപ്പിലാക്കുന്നതിന് വ്യഗ്രത കാട്ടുന്നതിൽ അത്ഭുതമില്ല. സഹകരണ സംഘങ്ങൾക്കെതിരായ പ്രചാരവേല ഈ നീക്കത്തിന്റെ തുടർച്ചയാണ്. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് അതിന് വലിയ മാധ്യമ പ്രചാരണം നൽകുന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതിന് കൂടിയാണ്. ഏതെങ്കിലും രേഖകൾ പരിശോധിക്കുകയെന്നത് മാത്രമല്ല ഇപ്പോഴത്തെ ലക്ഷ്യമെന്ന് വ്യക്തമാണ്. സഹകരണ സംഘങ്ങൾ മോശമെന്ന് വരുത്തി അവയെ തകർക്കുകയാണ് ലക്ഷ്യം. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും.
കൊടുങ്ങല്ലൂരിൽ കള്ളനോട്ട് അടിക്കുന്ന പ്രസ് സാമഗ്രികൾ സഹിതം ബിജെപിയുടെ പ്രാദേശിക നേതാവ് പിടിക്കപ്പെട്ടപ്പോൾ ഇഡി അനങ്ങിയില്ല. കൊടകര കുഴൽപ്പണ കവർച്ചയിലും യാതൊരു ഇഡി അന്വേഷണവും ഉണ്ടായില്ല. കള്ളനോട്ടും കുഴൽപ്പണവും പത്രങ്ങൾക്ക് മുൻപേജ് വാർത്തയോ ചാനലുകൾക്ക് തുടർ ചർച്ചയ്ക്ക് വിഷയമോ ആകാതിരുന്നതും ജനങ്ങൾക്കറിയുന്ന കാര്യമാണ്.
ഇപ്പോഴത്തെ അന്വേഷണ വാർത്തകളിൽ ചാനലുകൾ കുറേ സഹകരണ സംഘങ്ങളുടെ പേരുകൾ അന്യായമായി ഫ്ളാഷ് ചെയ്യുകയുണ്ടായി. സഹകരണ സംഘങ്ങളെ ഇല്ലാതാക്കാനുള്ള കോർപറേറ്റ് അജൻഡ മാധ്യമങ്ങൾ കൂടി ഏറ്റെടുത്തിരിക്കുകയാണ്. ജനങ്ങൾ കൈയൊഴിഞ്ഞ ഒരു കോൺഗ്രസ് നേതാവ് വിളമ്പുന്ന അസത്യങ്ങൾ വാർത്തയായി നൽകുന്ന മാധ്യമങ്ങൾ സ്വയം പരിശോധന നടത്തണം.
ബിജെപി രാഷ്ട്രീയ പ്രചരണ പരിപാടികൾ നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ളതാണ്. സഹകരണ സ്ഥാപനങ്ങളിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്, അവർ ബിജെപിയുടെ ബി ടീമായി മാറുന്നതിന്റെ തെളിവാണ്. തങ്ങളുടെ സഹകരണസ്ഥാപനങ്ങളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് മൗനം പാലിക്കുകയും ഇടതുപക്ഷത്തെ ബിജെപിക്കൊപ്പം ചേർന്ന് ആക്ഷേപിക്കുകയും ചെയ്യുകയാണവർ. ആത്യന്തികമായി കോൺഗ്രസ് സ്വയം കുഴി തോണ്ടുകയാണ്. നാളെ അവർക്കത് വലിയ തിരിച്ചടിയായി മാറും.
ഏതെങ്കിലും കേസുകളിലെ നിയമാനുസൃത പരിശോധനയ്ക്ക് സിപിഎം എതിരല്ല. എന്നാൽ മാധ്യമങ്ങൾക്ക് പൊടിപ്പും തൊങ്ങലും ചേർത്ത കള്ളക്കഥകൾ ഉണ്ടാക്കാൻ അവസരമുണ്ടാക്കി. ഏറ്റവും നല്ല നിലയിൽ സുതാര്യമായി പ്രവർത്തിക്കുന്ന സംഘങ്ങളെ കൂടി തകർക്കാനുള്ള ശ്രമങ്ങളെ സഹകാരികൾ ഒറ്റക്കെട്ടായി ചെറുക്കണം. സഹകരണ സ്ഥാപനങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടികളെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.