പി.സരിൻ പാലക്കാട് മത്സരിക്കും; എൽ.ഡി.എഫ് പിന്തുണ പ്രഖ്യാപനം നാളെ
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനെതിരെ വിമർശനമുയർത്തിയ ഡോ. പി. സരിൻ പാലക്കാട് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കും. സരിന്റെ നീക്കങ്ങളെ പിന്തുണക്കാൻ സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് തീരുമാനമായിട്ടുണ്ട്. സരിനെ സ്ഥാനാർഥിയാക്കുന്നത് സി.പി.എമ്മിന് ഗുണകരമാകുമെന്ന് യോഗം വിലയിരുത്തി.
സരിൻ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സൂചനയുണ്ട്. ഇന്നോ, നാളെയോ അന്തിമ തീരുമാനമുണ്ടാകും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിച്ച ജില്ല സെക്രട്ടേറിയറ്റ് യോഗം രാത്രി ഏഴോടെയാണ് സമാപിച്ചത്. ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന അവൈയ്‍ലബ്ൾ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.
അതേസമയം, ഡോ. പി. സരിനെ വിളിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ സീറ്റ് വാഗ്ദാനം ചെയ്തു. ഉടൻ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടതായാണ് അറിയുന്നത്. സരിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും പറഞ്ഞു. പി.വി. അൻവർ എം.എൽ.എ സരിനെ തിരുവില്വാമലയിലെ ബന്ധുവീട്ടിലെത്തി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.