'ചട്ടലംഘന ആക്ഷേപം ബാലിശം'; സൗജന്യ കോവിഡ് വാക്സിൻ പ്രഖ്യാപനത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സി.പി.എം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പ്രതിപക്ഷ വിമർശനത്തെ തള്ളി സി.പി.എം.യു.ഡി.എഫ് കൺവീനർ എം.എം. ഹസെൻറ പ്രസ്താവന ബാലിശമാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ചട്ടലംഘനമെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
നിലവിൽ നടക്കുന്ന കോവിഡ് ചികിത്സയുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വസ്തുതകൾ മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രിക്ക് ജ്യോതിഷത്തിലും ജ്യോതിഷിയിലും വിശ്വാസമുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് പറയുന്നത്.
തങ്ങളാരും ജ്യോതിഷത്തിൽ വിശ്വസിക്കുന്നില്ല. അടിസ്ഥാനരഹിതമായ വാദങ്ങളാണ് യു.ഡി.എഫും പ്രതിപക്ഷവും ഉന്നയിക്കുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ചോദ്യത്തിന് മറുപടിയായി കോവിഡ് വാക്സിൻ കേരളത്തിൽ സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആരിൽ നിന്നും പണം ഈടാക്കില്ല. കേന്ദ്രത്തിൽ നിന്ന് എത്ര വാക്സിൻ ലഭിക്കുമെന്ന കാര്യമാണ് നോക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം നയപരമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ പാടില്ലെന്നാണ് ചട്ടം.
മുഖ്യമന്ത്രിയുടേത് ചട്ടലംഘനമാണെന്ന് കാണിച്ച് യു.ഡി.എഫ് നേതാക്കളും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സൗജന്യ വാക്സിൻ വാഗ്ദാനം ചെയ്തതിനെതിരെ സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചതും യു.ഡി.എഫ് നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്.
'കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത് ബിഹാറിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ നാണംകെട്ട ലംഘനമാണ്. എല്ലാ ഇന്ത്യക്കാർക്കും അത് നൽകുക എന്നത് കേന്ദ്ര സർക്കാറിെൻറ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പ് കമീഷൻ സ്വമേധയാ നടപടിയെടുക്കാൻ വിസമ്മതിക്കുകയാണ്' -എന്നായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.