മുതലാളിത്തം പടിക്ക് പുറത്ത്: മുതലാളിത്തം എന്ന പദമില്ലാതെ സി.പി.എം വികസന നയരേഖ
text_fieldsതിരുവനന്തപുരം: മുതലാളിത്തം എന്ന പദം ഇല്ലാതെ, നിലവിലെ സമൂഹത്തിൽ മുതലാളിത്തം ഏൽപിക്കുന്ന ആഘാതത്തെക്കുറിച്ച് വിശദീകരിക്കാതെ സി.പി.എം വികസന നയരേഖ. 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത മധ്യവരുമാന രാഷ്ട്രങ്ങൾക്ക് സമാനമായി ഉയർത്തുക ലക്ഷ്യമിട്ടാണ് 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' രേഖ സംസ്ഥാന സമിതി തയാറാക്കിയത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടികൾ സമൂഹത്തെ വിലയിരുത്താനും വർഗ വിശകലനത്തിനും ഉപയോഗിക്കുന്ന രീതിശാസ്ത്രത്തിൽനിന്ന് മാറിയുള്ളതാണ് രേഖ എന്ന് ഇടതുപക്ഷ ചിന്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് തുടങ്ങിവെച്ച നവഉദാരവത്കരണ സാമ്പത്തിക നയങ്ങൾ മോദി സർക്കാർ നിർദാക്ഷിണ്യം നടപ്പാക്കുകയാണെന്നും, കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിെൻറ അമിതാധികാര വാഴ്ചയാണ് ഇന്ത്യയിൽ നടക്കുന്നതെന്നും പറയുന്ന രേഖ, ദേശീയതലത്തിലും കേരളത്തിലും മുതലാളിത്തമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പക്ഷേ മൗനം പാലിക്കുകയാണ്. തുടക്കം മുതൽ അവസാനം വരെ മുതലാളിത്തമെന്ന പദം ഉപയോഗിക്കാതെയാണ് സാമൂഹിക, രാഷ്ട്രീയ സാഹചര്യത്തെ 47 പേജുള്ള രേഖ വിശദീകരിക്കാൻ ശ്രമിക്കുന്നത്. ലോകത്തിലും ഇന്ത്യയിലും കേരളത്തിലും വർഗസമരത്തിെൻറ ശാക്തിക ചേരികളിൽ വന്ന മാറ്റങ്ങൾ, വൈരുദ്ധ്യങ്ങൾ എന്നിവ വിശകലനം ചെയ്യാതെ പ്രതിസന്ധി തിരിച്ചറിയാനും മറികടക്കാനും കഴിയുമോ എന്നാണ് വിമർശനം. ഫെഡറലിസത്തിന് വേണ്ടി 1967ൽ സി.പി.എം ഇടപെട്ടതും കേന്ദ്ര അവഗണനക്കെതിരായി പ്രക്ഷോഭം വളർത്തിക്കൊണ്ടുവരാനും ശ്രമിച്ചതും രേഖയിൽ വിശദീകരിക്കുന്നുണ്ട്.
പക്ഷേ, സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ തന്നെ സംസ്ഥാന സാമ്പത്തിക അവകാശം കവരുകയും കൂടുതൽ കേന്ദ്രീകരണം കൊണ്ടുവരികയും ചെയ്ത ജി.എസ്.ടിയെ പിന്തുണച്ചതും ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താത്തതും കപട രാഷ്ട്രീയ നിലപാടാണെന്ന വിമർശനമുയരുന്നു.
രേഖ ലക്ഷ്യമിടുന്നത് പോലെ, മുതലാളിത്തവും നവഉദാരവത്കരണവും ഉയർത്തുന്ന വെല്ലുവിളികളെ ശാസ്ത്ര സാങ്കേതിക വിദ്യകൊണ്ട് പരിഹരിക്കാനാവുമോയെന്ന ആശങ്കയും ഇടത്പക്ഷ ചിന്തകർക്കുണ്ട്.
മുതലാളിത്ത കാലത്ത് ശാസ്ത്ര, സാങ്കേതിക മേഖല മുതലാളിത്ത മൂല്യബോധത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നിരിക്കെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ വൈരുദ്ധ്യത്തെ മാറ്റി നിർത്തി എങ്ങനെയാണ് ഒരു ഇടതുപക്ഷ സർക്കാറിന് സാധാരണ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ കഴിയുകയെന്നാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.