മുകേഷിന് സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനം
text_fieldsകൊല്ലം: ലൈംഗികാരോപണ വിധേയനായ എം. മുകേഷ് എം.എൽ.എക്കെതിരെ സി.പി.എം കൊല്ലം ജില്ല സെക്രട്ടേറിയറ്റിൽ കടുത്തവിമർശനം. തുടരെ പരാതികളും വെളിപ്പെടുത്തലുകളും വരുന്ന സ്ഥിതിക്ക് മുകേഷിനെ സംരക്ഷിക്കേണ്ട കാര്യമില്ലെന്നും സർക്കാർ നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും ചൊവ്വാഴ്ച നടന്ന യോഗത്തിൽ അംഗങ്ങൾ പറഞ്ഞു. ആരോപണങ്ങൾ അതിഗൗരവമുള്ളതാണന്നും പാർട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നും അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. വനിതാ അംഗങ്ങളാണ് പ്രധാനമായും വിമർശനത്തിൽ മുന്നിലുണ്ടായത്.
അതേസമയം, എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തോട് സമ്മിശ്ര പ്രതികരണമാണുണ്ടായത്. പ്രതിപക്ഷ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, എം. വിൻസന്‍റ് എന്നിവർ സമാന സ്വഭാവത്തിലുള്ള ആരോപണവും കേസും വന്നിട്ടും തുടരുന്ന കാര്യം ഒരുവിഭാഗം ചൂണ്ടിക്കാട്ടി. അതേസമയം, സിനിമ നയം രൂപവത്കരിക്കുന്നതിനുള്ള സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കണം എന്നകാര്യത്തിൽ യോഗത്തിൽ എല്ലാവരും യോജിച്ചു.
രഞ്ജിത്തിനെതിരെ ഫെഫ്കയുടെ അച്ചടക്ക നടപടി തൽക്കാലം ഉണ്ടാകില്ല
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ അച്ചടക്ക നടപടി തൽക്കാലം ഉണ്ടാകില്ല. രഞ്ജിത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടി എന്നാണ് സംഘടനയുടെ വിലയിരുത്തല്‍. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലാണ് കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കൂടിയായ രഞ്ജിത്തിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.