അത്തരം പദപ്രയോഗം സി.പി.എം നടത്താറില്ല -കെ.ടി. ജലീലിനെ തള്ളി മന്ത്രി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മുൻ മന്ത്രി കെ.ടി. ജലീലിന്റെ കശ്മീർ പരാമർശം തള്ളി മന്ത്രി എം.വി. ഗോവിന്ദൻ. ജലീലിന്റെ പ്രസ്താവന സി.പി.എം നിലപാടല്ലെന്നും അത്തരം പ്രസ്താവനകൾ പാർട്ടി നടത്താറില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇന്ത്യയെ കുറിച്ചും കശ്മീരിനെ കുറിച്ചും സി.പി.എമ്മിന് വ്യക്തമായ നിലപാടുണ്ട്. അല്ലാതെ വരുന്നതൊന്നും പാർട്ടി നിലപാടല്ലെന്നും മന്ത്രി വ്യക്തമാക്കി.
ആസാദ് കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്ന പദപ്രയോഗങ്ങൾ എന്തടിസ്ഥാനത്തിലാണ് നടത്തിയതെന്ന് കെ.ടി ജലീലിനോട് തന്നെ ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കെ.ടി. ജലീലിന്റെ വിവാദ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തുവന്നിരുന്നു.
പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ലേഖനത്തിലുള്ളത്. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.
എന്നാൽ വിവാദ പരാമർശത്തെ ന്യായീകരിക്കാനാണ് ജലീൽ ശ്രമിച്ചത്. ഡബിൾ ഇൻവർട്ടഡ് കോമയിലാണ് ആസാദ് കാശ്മീർ എന്നെഴുതിയതെന്നും അതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്നും അദ്ദേഹം വിശദീകരണ കുറിപ്പിൽ പറഞ്ഞത്. അതേസമയം, 'ഇന്ത്യൻ അധീന ജമ്മു കശ്മീർ' എന്നെഴുതിയതിനെക്കുറിച്ച് ജലീൽ ഒന്നും പറഞ്ഞിട്ടില്ല. കശ്മീർ യാത്രാ വിവരണത്തിനൊടുവിൽ വാൽക്കഷ്ണം എന്ന് ചേർത്ത് അവസാനമാണ് വിശദീകരണം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.