കോൺഗ്രസ് മുക്തഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നത് -കോടിയേരി
text_fieldsകോഴിക്കോട്: കോൺഗ്രസ് മുക്തഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷത നിലനിൽക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോൺഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോൽപ്പിക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
തൽക്കാലം തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. വ്യക്തിപരമായ തീരുമാനമാണിത്. സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളുമായി ചർച്ച തുടരുകയാണ്.
പാർട്ടിയിൽ തുടർച്ചയായി രണ്ട് തവണ ജയിച്ചവർ മാറും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് നൽകേണ്ടിവരും. ചിലയിടത്ത് വിജയസാധ്യത ഒരു ഘടകമാണ്. പുതിയ സർക്കാറിനെ നയിക്കാനുള്ള ടീമിനെയാണ് ആവശ്യം. അതിൽ യുവാക്കളും പ്രഫഷണലുകളും സെലബ്രിറ്റികളും ഒക്കെയുണ്ടാകും.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവരെ വിലക്കെടുക്കാൻ ബി.ജെ.പിക്ക് കഴിയും. കർണാടകയിലും മധ്യപ്രദേശിലും പുതുച്ചേരിയിലും അതാണ് കണ്ടത്. എന്നാൽ കേരളത്തിൽ സി.പി.എമ്മിനെ തകർത്താലേ ബി.ജെ.പിക്ക് രക്ഷയുള്ളൂ.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിശാലബെഞ്ചിന്‍റെ വിധി വന്നാലും എല്ലാവരുമായും ചർച്ച ചെയ്ത് പരിഹാരം കാണണമെന്നാണ് നിലപാട്. ഇപ്പോഴും ശബരിമലയിൽ പ്രശ്നങ്ങളില്ലാത്തത് സർക്കാറിന്‍റെ ശരിയായ സമീപനം കാരണമാണെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.