മാസപ്പടി വിവാദം; സി.പി.എം വീണ്ടും ചോദ്യമുനമ്പിൽ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ബോണ്ടിൽ കറ പുരളാതെ തലയുയർത്തി നിൽക്കുമ്പോഴാണ് മാസപ്പടിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തോടെ സി.പി.എം ചോദ്യമുനമ്പിലാകുന്നത്.
വലിയ കമ്പനികളെ ഭീഷണിപ്പെടുത്തി പണം സംഭാവനയായി വാങ്ങിയെന്നതാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരായ ആരോപണമെങ്കിൽ സ്വകാര്യ കമ്പനിയിൽ നിന്ന് നൽകാത്ത സേവനത്തിന് പണം വാങ്ങിയെന്നതാണ് എക്സാലോജിക് ഇടപാടുകളെ പ്രതിക്കൂട്ടിലാക്കുന്നത്. തെരഞ്ഞെടുപ്പ് ബോണ്ടിൽ ബി.ജെ.പിയെയും കോൺഗ്രസിനെയുമടക്കം സി.പി.എം കടന്നാക്രമിക്കുമ്പോഴാണ് മാസപ്പടി വീണ്ടും ചർച്ചകളിൽ നിറയുന്നത്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണമെന്നതിനെക്കാൾ ഒട്ടേറെ രാഷ്ട്രീയ മാനങ്ങളാണ് മാസപ്പടി വിവാദത്തിനുള്ളത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായാണ് കേസെങ്കിലും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയും പാർട്ടിയെയുമാണെന്നാണ് സി.പി.എം വാദവും പ്രതിരോധവും. ഒപ്പം ഇലക്ടറൽ ബോണ്ട് തരപ്പെടുത്താൻ കേന്ദ്രം ആയുധമാക്കിയ ഇ.ഡിയുടെ വിശ്വാസ്യത ചോദ്യം ചെയ്താകും സി.പി.എം നേരിടുക.
ഇ.ഡി കൂടി എത്തുന്നതോടെ, മാസപ്പടി വിവാദത്തിൽ മൂന്നു മാസത്തിനിടെ നടക്കുന്ന നാലാമത്തെ അന്വേഷണമാണിത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ജനുവരിയിൽ തുടങ്ങിയ അന്വേഷണമാണിപ്പോൾ ഇ.ഡിയിലെത്തി നിൽക്കുന്നത്.
ജനുവരിയിലാണ് ബംഗളൂരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫിസുകൾ ആദ്യം പ്രാഥമികാന്വേഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമനുസരിച്ച് ഇ.ഡിയും അഴിമതി നിരോധന നിയമമനുസരിച്ച് സി.ബി.ഐയും അന്വേഷിക്കാവുന്ന ഇടപാടുകൾ കണ്ടെത്തിയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
എന്നാൽ, രജിസ്ട്രാർ ഓഫ് കമ്പനീസിലെ മൂന്ന് ഇൻസ്പെക്ടർമാരുടെ അന്വേഷണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
പിന്നീടാണ് ഗുരുതര നിയമലംഘനങ്ങൾ നടന്നെന്ന വിലയിരുത്തലിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം തുടങ്ങിയത്.
കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി തുടങ്ങിയവ ഇവരുടെ നേരിട്ടുള്ള അന്വേഷണത്തിൽ വരില്ല. ഇതിനിടയിലാണ് ഇ.ഡി കൂടി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐ.ടി സൊലൂഷൻ കമ്പനിയായ എക്സാലോജിക്, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മൂന്നുവർഷത്തിനിടെ, 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് ആധാരം.
നൽകാത്ത സേവനത്തിന് പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.