സി.പി.എം: തെറ്റുതിരുത്തൽ ഇനി തുടർപ്രക്രിയ
text_fieldsതിരുവനന്തപുരം: സി.പി.എമ്മിൽ തെറ്റുതിരുത്തൽ നടപടികൾ തുടർപ്രക്രിയയാക്കുന്നത് സംബന്ധിച്ച സംഘടനാരേഖക്ക് സംസ്ഥാന സമിതി അംഗീകാരം നൽകി. ഒരാൾ പാർട്ടിയിൽ തുടരുന്ന കാലത്തോളം നിരന്തര പരിശോധനയും തിരുത്തലുമെന്നതാണ് സംഘടന രേഖ മുന്നോട്ടുവെക്കുന്ന സമീപനം. സംസ്ഥാനതലം മുതൽ ബ്രാഞ്ച്തലം വരെ ഈ രീതിയിലാകും പാർട്ടി മുന്നോട്ടുപോകുക. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിനു പിന്നാലെയാണ് തെറ്റുതിരുത്തൽ നടപടിക്രമങ്ങൾ കർശനമാക്കുന്നത്. ഈ നീക്കത്തിലൂടെ ഗോവിന്ദൻ പാർട്ടിയിൽ കൂടുതൽ പിടിമുറുക്കുകയാണ്.
കഴിഞ്ഞ സംസ്ഥാന സമിതി തയാറാക്കിയ തെറ്റുതിരുത്തൽ രേഖ ജില്ല കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്ത് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പുതുക്കിതാണ് വെള്ളിയാഴ്ച അംഗീകരിച്ചത്. ഇത് ബ്രാഞ്ച്തലം വരെ റിപ്പോർട്ട് ചെയ്ത് നടപ്പിൽവരുത്തും. പാർട്ടി കേഡർമാർക്കെതിരായ പരാതികളും ആക്ഷേപങ്ങളും ബന്ധപ്പെട്ട കമ്മിറ്റി മുമ്പാകെയോ നേതൃത്വത്തിന് മുന്നിലോ ഉന്നയിക്കാൻ പ്രോത്സാഹനം നൽകുന്നതാണ് പുതിയ സംഘടനാ രേഖ. ഇങ്ങനെ ഉന്നയിക്കുന്ന ഒരു പരാതിയും ഫലപ്രദമായി അന്വേഷിക്കാതെയോ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കാതെയോ പോകരുതെന്ന് രേഖ നിർദേശിക്കുന്നു. എല്ലാ ഘടകങ്ങളിലും യോഗങ്ങളിൽ തെറ്റുതിരുത്തൽ ഇനി പതിവ് അജണ്ടയായിരിക്കും.
പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ നേതാക്കൾക്കും കമ്മിറ്റികൾക്കുമെതിരെ നിരവധി പരാതികൾ കത്തുകളായും മറ്റും നേതൃത്വത്തിനു മുന്നിലെത്തിയിട്ടുണ്ട്. സെക്രട്ടറിയായി ചുമതലയേറ്റതിനു പിന്നാലെ, തെറ്റായ കാര്യങ്ങൾ അനുവദിക്കില്ലെന്നും പരാതി കിട്ടിയാൽ എത്ര ഉന്നതരായാലും അന്വേഷിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് പരാതികളുടെ കുത്തൊഴുക്ക്.
ഈ പരാതികളെല്ലാം പരിശോധിച്ച് ആവശ്യമായതിൽ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നടപടി സംബന്ധിച്ച് പറയേണ്ടതാണെങ്കിൽ മാത്രം മാധ്യമങ്ങളോട് പറയുമെന്നും അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.