സി.പി.എം നേരിടുന്നത് പ്രത്യയശാസ്ത്ര പ്രതിസന്ധി; എം.എൻ. വിജയനെ ഓർക്കുന്നവർ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളും പരിശോധിക്കണം -കെ.സി. ഉമേഷ് ബാബു
text_fieldsകണ്ണൂർ: വലിയതോതിലുള്ള പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് സി.പി.എം നേരിടുന്നതെന്നും അത് മറക്കാനാണ് എം.എൻ. വിജയന്റെ പേര് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും കെ.സി. ഉമേഷ് ബാബു. എം.എൻ. വിജയൻ മരിച്ച ദിവസം പോലും വെറുതെവിടാത്തവരാണ് അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ നിന്ന് സ്മൃതിയാത്ര നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പാർട്ടി ഫാഷിസ്റ്റാവുമ്പോൾ സൈദ്ധാന്തികർ നുണ പറയും. പു.ക.സയിൽ എന്തൊക്കെ നടന്നുവെന്ന് കൃത്യമായി അറിയാം. എം.എൻ. വിജയൻ മരിച്ചപ്പോൾ മികച്ച അധ്യാപകനായിരുന്നുവെന്ന് പറഞ്ഞു പരിഹസിച്ചു. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെല്ലാം നേരത്തേ ചൂണ്ടിക്കാട്ടിയ മഹാനാണ് എം.എൻ. വിജയൻ.
അദ്ദേഹത്തിന്റെ വീട്ടുകാരോടു പോലും ചോദിക്കാതെയാണ് സ്മൃതിയാത്ര വീട്ടിൽ നിന്ന് തുടങ്ങുമെന്ന് പു.ക.സ പ്രഖ്യാപിച്ചത്. എതിർപ്പ് കാരണം അവസാന നിമിഷം യാത്രയുടെ വേദി മാറ്റേണ്ടി വന്നു. എം.എൻ. വിജയനെ ഓർക്കുന്നവർ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളും പരിശോധിക്കണമെന്നും ഉമേഷ് ബാബു പറഞ്ഞു.
പശ്ചാത്തപിക്കുന്നവർ പതിറ്റാണ്ടുകൾ കഴിഞ്ഞല്ല അക്കാര്യം നിർവഹിക്കേണ്ടതെന്നും അപ്പപ്പോൾ തന്നെ ചെയ്യണമെന്നും എം.എൻ. വിജയന്റെ മകനും എഴുത്തുകാരനുമായ വി.എസ്. അനിൽകുമാറും ചൂണ്ടിക്കാട്ടി.
കണ്ണൂർ എം.എൻ. വിജയൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ‘എം.എൻ. വിജയൻ ഓർമ’ പരിപാടി നടത്തും. രാവിലെ 10.30ന് ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. മുരളീധരൻ കരിവെള്ളൂർ, എം.പി. ബൽറാം, പി.പി. മോഹനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.