മുഖ്യമന്ത്രിയെ പാർട്ടിക്ക് മടുത്തു; പിണറായി ജീവിക്കുന്നത് ബി.ജെ.പിയുടെ ആശ്രയം കൊണ്ട് -കെ.സുധാകരൻ
text_fieldsകൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എമ്മിനും നേതാക്കള്‍ക്കും മടുത്തെന്നും അണികള്‍ കൈവിട്ട വിഭ്രാന്തിയില്‍ മുഖ്യമന്ത്രി വായിൽ തോന്നുന്നത് വിളിച്ച് പറയുകയാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. തലശ്ശേരി കലാപത്തിന്റെ ഉത്തരവാദികള്‍ സി.പി.എമ്മാണ്. മുഖ്യമന്ത്രിയുടെ കൊള്ളരുതായ്മക്കെതിരെ സി.പി.എമ്മില്‍ അമര്‍ഷം പുകയുകയാണ്. ബി.ജെ.പിയുടെ മുമ്പില്‍ അടിയറവ് പറഞ്ഞ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായിയാണ്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന് കോണ്‍ഗ്രസിന് സി.പി.എമ്മിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
“പിണറായി വിജയൻ ജീവിക്കുന്നത് ബി.ജെ.പിയുടെ ആശ്രയം കൊണ്ടാണ്. അല്ലെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ടതായിരുന്നു. പിണറായി വിജയന്‍ കമ്യൂണിസ്റ്റ് എന്ന് പറയുന്നത് തന്നെ ഇടതുപക്ഷത്തിന് അപമാനമാണ്. ആർ.എസ്.എസിന് കീഴ്പ്പെട്ട് അവരുടെ അടിമയായി ജീവിക്കുന്ന നേതാവാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ആർ.എസ്.എസ് ബന്ധം തെളിഞ്ഞതിന്റെ വിഭ്രാന്തിയിലാണ് മറ്റുള്ളവരുടെ മേല്‍ കുതിരകയറാന്‍ ഇറങ്ങിയത്. പ്രകടമായ ആർ.എസ്.എസ് ബന്ധത്തിലൂടെ സി.പി.എം അവരെ ഇത്രയും നാള്‍ വിശ്വസിച്ച ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു.
എ.ഡി.ജി.പി എന്തിനാണ് ആർ.എസ്.എസ് നേതാക്കളെ കണ്ടത്? കൂടിക്കാഴ്ചയുടെ അജണ്ടയെന്തായിരുന്നു? ആരുപറഞ്ഞിട്ടാണ് ഈ കൂടിക്കാഴ്ച? മുഖ്യമന്ത്രി അറിഞ്ഞിരുന്നോ? ഇത്രയും നാള്‍ എന്തുകൊണ്ട് എ.ഡി.ജി.പിക്ക് എല്ലാ അധികാരത്തോടെയും തുടരാന്‍ അനുവാദം നല്‍കി? മുഖ്യമന്ത്രിക്ക് തന്റേടത്തോടെ മറുപടി പറയാന്‍ ധൈര്യമുണ്ടോ? വലിയ ഗീര്‍വാണം മുഴക്കിയിട്ട് ഇതിനൊന്നും മറുപടിപറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി.
ബി.ജെ.പിയും സി.പി.എമ്മും പരസ്പരം സഹായസംഘങ്ങളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയെ ജയിലില്‍ പോകാതെ ബി.ജെ.പി സംരക്ഷിക്കുമ്പോള്‍, ബി.ജെ.പി അധ്യക്ഷനെതിരായ കേസുകള്‍ ഒതുക്കിതീര്‍ത്ത് പിണറായി വിജയനും സംരക്ഷിക്കുന്നു. സി.പി.എമ്മും മുഖ്യമന്ത്രിയും ആർ.എസ്.എസുകാര്‍ക്ക് വിധേയരാണ്. അവരുടെ സംരക്ഷണത്തിലും സഹായത്തിലുമാണ് കഴിയുന്നത്” -സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.