ഉപതെരഞ്ഞെടുപ്പിനൊരുങ്ങി സി.പി.എം; ജാഗ്രതയോടെ തയാറെടുപ്പ്
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽകണ്ട് സ്ഥാനാർഥി ചർച്ചകളിലേക്ക് സി.പി.എം. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയോടെയാണ് തയാറെടുപ്പുകൾ. വെള്ളിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ചേലക്കരയിൽ യു.ആർ. പ്രദീപിന്റെയടക്കം പേരുകൾ പരിഗണിക്കുന്നുണ്ട്. പാലക്കാട്ട് പ്രാഥമിക ചർച്ചകൾ നടന്നെങ്കിലും മറ്റ് പേരുകൾ കൂടി നിർദേശിക്കാൻ ജില്ല കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരുകളും പാലക്കാട്ട് സജീവ പരിഗണനയിലുണ്ട്. സ്ഥാനാർഥിപ്പട്ടിക അന്തിമമാക്കാൻ ഈ മാസം 19ന് സെക്രട്ടേറിയറ്റ് വീണ്ടും ചേരും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നേരത്തെയുണ്ടായാൽ അവൈലബിൾ സെക്രട്ടേറിയറ്റ് ചേർന്ന് തീരുമാനമെടുക്കാനും ധാരണയായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ പിറ്റേന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്താനാകുംവിധത്തിലുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിനൊരുങ്ങാൻ ജില്ല കമ്മിറ്റികൾക്ക് കഴിഞ്ഞയാഴ്ച തന്നെ നിർദേശം നൽകിയിരുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പെത്തുന്നത്. ഒപ്പം സർക്കാറിനെയും മുന്നണിയെയും പ്രതിരോധത്തിലാക്കുന്ന നിരവധി രാഷ്ട്രീയ വിഷയങ്ങളുടെ സവിശേഷ സാഹചര്യവുമുണ്ട്.
ക്ഷേമപ്രവർത്തനങ്ങളിലെ പോരായ്മ ലോക്സഭയിൽ തിരിച്ചടിയായെന്ന വിലയിരുത്തലിൽ സംസ്ഥാനത്തെ പദ്ധതി വിഹിതമടക്കം വെട്ടിച്ചുരുക്കിയാണ് ധനസമാഹരണം പുനഃക്രമീകരിച്ചത്. തെറ്റുതിരുത്തലുകൾ എത്രത്തോളം ഫലവത്തായി എന്നത് അറിയാനുള്ള പരീക്ഷണം കൂടിയായി ഉപതെരഞ്ഞെടുപ്പ് മാറുമെന്നതിനാൽ അഭിമാനപോരാട്ടമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച രാഷ്ട്രീയ ലൈനിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ പാർട്ടി എത്തിയിരുന്നു. ദേശീയ രാഷ്ട്രീയം മുൻനിർത്തി സ്വീകരിച്ച ചില ഊന്നലുകൾ തിരിച്ചടിയായി എന്നാണ് പാർട്ടിയുടെ നിഗമനം. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പ്രചാരണ രീതിക്കും അടുത്ത സെക്രട്ടേറിയറ്റ് യോഗം രൂപം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.