ഹിന്ദുത്വ പ്രതിരോധം: സി.പി.എം പുതിയ കൂട്ടുകെട്ടിന്
text_fieldsകണ്ണൂർ: വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ സാമൂഹിക വിഷയത്തിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും പിന്തുണക്കാൻ സി.പി.എം. നിലപാടുകൾക്കു വിരുദ്ധമെന്നുപറഞ്ഞ് മുമ്പ് പലപ്പോഴും നേതൃത്വം തള്ളിയ വിഭാഗങ്ങളെ തേടിയാവും ഇനി പാർട്ടി പോവുകയെന്നതാണ് ശ്രദ്ധേയം.
അരികുവത്കരിക്കപ്പെട്ടവരുടെ പല അവകാശ സമരങ്ങളെയും സ്വത്വവാദമെന്നു പറഞ്ഞ് തള്ളുകയായിരുന്നു സി.പി.എം. പകരം വർഗ-ബഹുജന അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വേണം സമരങ്ങൾ നയിക്കാനെന്നായിരുന്നു നിലപാട്.
ഹിന്ദുത്വ വർഗീയതക്ക് എതിരായി എല്ലാ മതേതര ശക്തികളെയും അണിനിരത്തണമെന്ന രാഷ്ട്രീയ പ്രമേയത്തിലെ സമീപനത്തിനനുസരിച്ചാണ് പുതിയ നിലപാട്. കരട് രാഷ്ട്രീയ പ്രമേയ ചർച്ചയുടെ അവസാന ദിവസം തമിഴ്നാട്, കർണാടക, ചില വടക്ക്, മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ് വിവിധ സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെയും ഗ്രൂപ്പുകളുടെയും പോരാട്ടത്തെ സി.പി.എം പിന്തുണക്കണമെന്ന നിർദേശം ഉയർന്നത്.
ഇവർ ഹിന്ദുത്വ ശക്തികളുടെ ആക്രമണോത്സുക രാഷ്ട്രീയത്തിനോടാണ് പോരാടുന്നതെന്ന് സംസാരിച്ചവർ ഓർമിപ്പിച്ചു. ഇത് പ്രതിനിധികൾ പൊതുവെ അംഗീകരിക്കുന്ന നിലയെത്തി. 500ഓളം ചെറിയ കർഷക സംഘടനകളെ ഒരു വേദിയിൽ ഒരുമിച്ച് അണിനിരത്തിയതിന് സമാനമായി ദലിത്, സ്ത്രീ, ആദിവാസി പോലുള്ള പ്രശ്നങ്ങളിൽ പ്രവർത്തിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധ നിലപാടുള്ളവരെ അണിനിരത്താനാണ് ലക്ഷ്യമിടുന്നതെന്ന് ചർച്ചയുടെ വിവരങ്ങൾ പങ്കുവെച്ച പി.ബി അംഗം വൃന്ദ കാരാട്ട് സ്ഥിരീകരിക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികൾ എന്ന അതിർവരമ്പിൽ നിൽക്കുന്നതല്ല ഈ ചുവടുവെപ്പെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം.
തമിഴ്നാട്ടിലും കർണാടകയിലും ജാതിവിവേചനത്തിന് എതിരായ പ്രസ്ഥാനങ്ങളെ സി.പി.എം പിന്തുണക്കുന്നുണ്ട്. പക്ഷേ, അവരെ ഒരുമിച്ച് അണിനിരത്തുക എന്ന വെല്ലുവിളിയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. സി.പി.എമ്മിന്റെ ചരിത്രത്തിൽ ഇത്തരമൊരു നീക്കം ആദ്യമായാണെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.