സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങളിൽ രാഷ്ട്രീയ വിശദീകരണത്തിന് സി.പി.എം
text_fieldsതിരുവനന്തപുരം: സർക്കാറിനെ പ്രതിക്കൂട്ടിലാക്കുകയും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്ത വിഷയങ്ങളിൽ രാഷ്ട്രീയ വിശദീകരണത്തിന് നേതൃത്വം.
തുടക്കത്തിലേ എൽ.ഡി.എഫ് മുൻതൂക്കം മറികടക്കുന്ന തരത്തിൽ യു.ഡി.എഫ് തെരുവിലും രാഷ്ട്രീയ പ്രചാരണ യാത്രയിലും വിവിധ വിഷയങ്ങൾ ഒരേസമയം ഉന്നയിച്ച സാഹചര്യത്തിലാണ് പ്രതിരോധത്തിന് സി.പി.എമ്മും എൽ.ഡി.എഫും ഒരുങ്ങുന്നത്. യു.ഡി.എഫിനെയും ബി.െജ.പിയെയും മറികടന്ന് അജണ്ട സൃഷ്ടിക്കുക എന്ന തന്ത്രം സി.പി.എം പ്രയോഗിക്കുന്നതിനിടെയാണ് ഉമ്മൻ ചാണ്ടി ശബരിമല എടുത്തിട്ടത്.
പിന്നാലെ പിൻവാതിൽ നിയമനങ്ങളും സി.പി.എം നേതാക്കളുടെ ഉറ്റ ബന്ധുക്കൾക്ക് വഴിവിട്ടുള്ള നിയമന വിവാദവും പ്രചാരണ യാത്രയിൽ യു.ഡി.എഫ് നേതൃത്വവും തെരുവിൽ പ്രതിപക്ഷ യുവജന സംഘടനകളും ആയുധമാക്കി.
ബി.ജെ.പി കൂടി ഹിന്ദുത്വ അജണ്ട മുൻനിർത്തി കളത്തിൽ ഇറങ്ങിയതോടെ നടപടികളിലേക്ക് കടക്കണമെന്ന നിലപാടാണ് സി.പി.എം നേതൃത്വത്തിന്. വിശ്വാസവും പിൻവാതിൽ നിയമനവും അജണ്ടയാക്കി മുന്നോട്ട് പോകാനുള്ള എതിരാളികളുടെ നീക്കം പ്രതിരോധിച്ച് വികസന അജണ്ട അടക്കം മുന്നോട്ടുവെക്കുന്നത് ബുധനാഴ്ച ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് ആലോചിക്കും.
'ശബരിമലയിൽ സുപ്രീംകോടതി വിധിക്കു ശേഷം തുടർന്ന് എന്തു വേണമെന്നതിൽ എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി യോജിച്ച ധാരണ ഉണ്ടാക്കുക' എന്ന നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാനാണ് ധാരണ.
വിശ്വാസികൾ അടക്കം ജനങ്ങളുമായി ചർച്ച നടത്തി സമവായത്തിലേ വിധി നടപ്പാക്കുകയുള്ളൂ എന്നു വിശദീകരിച്ച് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള അടക്കം രംഗത്ത് വന്നത് ഇൗ സാഹചര്യത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം നടത്തിയ ഗൃഹ സന്ദർശനത്തിൽ ലഭിച്ച റിപ്പോർട്ടുകളും കൂടി പരിഗണിച്ചാണ് ശബരിമലയിലെ മുൻ നിലപാടിൽ അയവ് വരുത്തിയത്.
പിൻവാതിൽ നിയമനങ്ങളിൽ വസ്തുതകൾ ശേഖരിച്ച് മറുപടി പറയണമെന്ന് നേതൃത്വം സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്. നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുമെന്ന അഭിപ്രായം താഴെതട്ടിൽനിന്നുതന്നെ നേതൃത്വത്തിന് മുന്നിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.